ഏകദിന ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിനെയും ആരാധകരെയും വട്ടം ചുറ്റിച്ച ചോദ്യമാണ് സൂപ്പര്‍താരം മഹേന്ദ്ര സിംഗ് ധോണി വിരമിക്കുമോ എന്നത്.
ടീം നായകന്‍ വിരാട് കോഹ്‌ലിയോ പരിശീലകന്‍ രവി ശാസ്‌ത്രിയോ ഇക്കാര്യത്തില്‍ മനസ് തുറന്നില്ല. ധോണി വിരമിക്കണമെന്ന് ബി സി സി ഐയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതോടെ വിഷയം ചൂടു പിടിച്ചു.
ചര്‍ച്ചകളും ആശങ്കകളും നിലനില്‍ക്കെ ധോണി അടുത്തവര്‍ഷം നടക്കാന്‍ പോകുന്ന ട്വന്റി-20 ലോകകപ്പില്‍ കളിക്കണമെന്ന ആവശ്യവുമായി താരത്തിന്റെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജി രംഗത്തുവന്നു.
“38കാരനായ ധോണിയുടെ ശാരീരികക്ഷമതയില്‍ എറ്റക്കുറച്ചില്‍ സംഭവിച്ചു. ക്രിക്കറ്റിന്റെ ചെറിയ ഫോര്‍മാറ്റായ ട്വന്റി-20യാണ് അദ്ദേഹത്തിനിപ്പോള്‍ അനുയോജ്യം. അമ്പത് ഓവര്‍ മത്സരങ്ങളില്‍ കളിക്കുമ്പോള്‍ വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്നതും ബോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നതും ധോണിയില്‍ പ്രയാസമുണ്ടാക്കും”
ട്വന്റി-20 മത്സരങ്ങള്‍ കളിക്കുന്നതില്‍ ധോണിക്ക് തടസങ്ങളില്ല. അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് അതിനു യോജിച്ചതാണ്. 2020ലെ ട്വന്റി 20 ലോകകപ്പിനു ശേഷം കളി നിര്‍ത്തുന്നതിനെ കുറിച്ച് ധോണി ആലോചിച്ചാല്‍ മതിയെന്നും കേശവ് ബാനര്‍ജി വ്യക്തമാക്കി.
ലോകകപ്പിലെ ധോണിയുടെ പ്രകടനം മികച്ചതായിരുന്നില്ല. എട്ടു മത്സരങ്ങളില്‍ നിന്ന് 273 റണ്‍സ് മാത്രമാണ് നേടിയത്. ബാറ്റിംഗിലെ മെല്ലപ്പോക്കിനൊപ്പം വിക്കറ്റിന് പിന്നിലും ധോണിക്ക് പിഴച്ചു.