ധോണിയുടെ കലിപ്പന്‍ ബാറ്റിംഗ്; ടീമില്‍ ആശയക്കുഴപ്പം രൂക്ഷം - തലപുകച്ച് രവി ശാസ്‌ത്രി

ശനി, 19 ജനുവരി 2019 (09:44 IST)
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക് നേടിക്കൊടുത്തത് മഹേന്ദ്ര സിംഗ് ധോണിയെന്ന സൂപ്പര്‍താരമാണ്. വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് മുന്‍ ഇന്ത്യന്‍ നായകനില്‍ നിന്നുമുണ്ടായത്.

ലോകകപ്പ് മുന്‍ നിര്‍ത്തി ടീമിനെ രൂപപ്പെടുത്തുമ്പോള്‍ ഫോമിലേക്കുള്ള ധോണിയുടെ മടങ്ങിവരവ് ഇന്ത്യന്‍ ടീമില്‍ ആശയക്കുഴപ്പം രൂക്ഷമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്ന ധോണിയുടെ വാക്കുകളാണ് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്കും പരിശീലകന്‍ രവി ശാസ്‌ത്രിക്കും വെല്ലുവിളിയായത്.

ലോകകപ്പില്‍ ദിനേഷ് കാര്‍ത്തിക്ക് കളിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ധോണി അഞ്ചാമതും കാര്‍ത്തിക്ക് ആറാം സ്ഥാനത്തും ബാറ്റ് ചെയ്യണമെന്നായിരുന്നു ശാസ്‌ത്രിയുടെ തീരുമാനം. എന്നാല്‍ നാലാം നമ്പരില്‍ എത്തുന്ന അമ്പാട്ടി റായുഡു മോശം പ്രകടനം പുറത്തെടുത്തതോടെ ധോണിയെ നാലാം നമ്പറില്‍ ഇറക്കണമെന്ന് രോഹിത് ശര്‍മ്മ അറിയിച്ചു.

രോഹിത്തിന്റെ നിര്‍ദേശത്തിന് അനുസരിച്ചാണ് ധോണി നാലാം നമ്പറില്‍ എത്തിയതും ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് ചരിത്രവിജയം സമ്മാനിച്ചതും. ഇതോടെ ലോകകപ്പില്‍ ധോണി ഏത് ബാറ്റിംഗ് പൊസിഷനില്‍ കളിക്കണമെന്ന കാര്യത്തില്‍ ടീമില്‍ ആശയക്കുഴപ്പം രൂക്ഷമായി. അതേസമയം, സഹാചര്യമനുസരിച്ച് ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തുമെന്ന കോഹ്‌ലിയുടെ വാക്കുകള്‍ മുന്‍ ക്യാപ്‌റ്റന് അനുകൂലമാണെന്നാണ് വിലയിരുത്തല്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍