യോര്‍ക്കറുകളുടെ രാജകുമാരനായിരുന്നു ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗ ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുന്നു. ദേശീയ ടീമില്‍ നിന്നു പുറത്തായതിനു പിന്നാലെ ഈ സീസണിലെ ഐപിഎല്ലില്‍ നിന്നും തഴയപ്പെട്ടതാണ് തിടുക്കത്തില്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമായതെന്നാണ് മലിംഗയുമായി അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
അടുത്ത ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ലങ്കന്‍ ടീമില്‍ തന്നെ ഉള്‍പ്പെടുത്തുന്നതിനോട് സെലക്ടര്‍മാര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ ടീമിന്റെ ഉപദേഷ്ടാവായി ചേരാന്‍ ആഗ്രഹാമുണ്ടെന്ന് മലിംഗ അറിയിച്ചതായും സൂചനയുണ്ട്. 34കാരനായ മലിംഗയ്ക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യക്കെതിരെ നടന്ന് ട്വന്റി-20 പരമ്പരയ്ക്കു ശേഷം ലങ്കന്‍ ടീമില്‍ സ്ഥാനം ലഭിച്ചിരുന്നില്ല.
ലങ്കക്ക് വേണ്ടി മൂന്നു ഫോര്‍മാറ്റിലുമായി 492 വിക്കറ്റുകള്‍ സ്വന്തമാക്കിയ താരമാണ് മലിംഗ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മിന്നും ബൗളറായിരുന്ന മലിംഗയെ ഇത്തവണ നടന്ന താരലേലത്തില്‍ ഒരു ടീമും സ്വന്തമാക്കിയില്ല. മലിംഗയുടെ തീപാറുന്ന പന്തുകളായിരുന്നു 2015ല്‍ മുംബൈയെ ജേതാക്കളാക്കിയത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റ് മാത്രമേ മലിംഗയ്ക്ക് നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ.