'നിനക്ക് ഫിഫ്റ്റി അടിക്കണോ?' ' വേണ്ട, നീ അടിച്ചുകളിക്ക്'; അവസാന ഓവറില്‍ സ്‌ട്രൈക്ക് നിഷേധിച്ച് കോലി, തകര്‍ത്തടിച്ച് ദിനേശ് കാര്‍ത്തിക്ക് (വീഡിയോ)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി 20 മത്സരത്തില്‍ 16 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി ക്രീസിലെത്തിയ എല്ലാവരും തകര്‍ത്തടിച്ചു. നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 237 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ ഇന്ത്യ സ്വന്തമാക്കി. അവസാന ഓവറില്‍ 18 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദയാണ് അവസാന ഓവര്‍ എറിഞ്ഞത്. ഈ സമയത്ത് വിരാട് കോലി 28 പന്തില്‍ 49 റണ്‍സുമായി നോണ് സ്‌ട്രൈക്കര്‍ എന്‍ഡില്‍ ആയിരുന്നു. അര്‍ധ സെഞ്ചുറി നേടാന്‍ ഒരു റണ്‍സ് മാത്രം. ദിനേശ് കാര്‍ത്തിക്ക് ആയിരുന്നു ക്രീസില്‍. ആദ്യ പന്തില്‍ റണ്‍സൊന്നും നേടിയില്ല. രണ്ടാം പന്ത് കാര്‍ത്തിക്ക് ഫോര്‍ നേടി. മൂന്നാം പന്തില്‍ റണ്‍സൊന്നും എടുത്തില്ല. നാലാം പന്തില്‍ സിക്‌സര്‍ പറത്തി. ഇതിനിടെ വിരാട് കോലിയുമായി കാര്‍ത്തിക്ക് സംസാരിക്കുന്നുണ്ടായിരുന്നു. ഫിഫ്റ്റി അടിക്കാന്‍ വേണ്ടി സ്‌ട്രൈക്ക് വേണോ എന്നായിരുന്നു കാര്‍ത്തിക്കിന്റെ ചോദ്യം. എന്നാല്‍ തനിക്ക് സ്‌ട്രൈക്ക് വേണ്ട എന്ന് കോലി പറഞ്ഞു. കാര്‍ത്തിക്കിനോട് അടിച്ചുകളിക്കാനാണ് കോലി ആ നേരത്ത് ആവശ്യപ്പെട്ടത്. അവസാന ഓവറിലെ അഞ്ചാം പന്തും കാര്‍ത്തിക്ക് സിക്‌സര്‍ പറത്തി.