ഐഎസ്‌എല്‍ ഫൈനലിനു ശേഷമുള്ള അഴിഞ്ഞാട്ടം; എഫ്‌സി ഗോവയ്ക്ക് 11 കോടി രൂപ പിഴ

വെള്ളി, 6 മെയ് 2016 (09:38 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ തോറ്റതിന്റെ ദേഷ്യം തീര്‍ത്ത എഫ് സി ഗോവയ്ക്ക് കനത്ത പിഴ. 11 കോടി രൂപയുടെ പിഴയാണ് ഐ എസ് എല്‍ റെഗുലേറ്ററി കമ്മീഷന്‍ ടീമിന് വിധിച്ചത്. ക്ലബിന്റെ ഉടമകള്‍ക്ക് വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. എഫ് സി ഗോവയുടെ സംയുക്ത ഉടമകളായ ദത്തരാജ് സാല്‍ഗോക്കറിന് മൂന്നും ശ്രീനിവാസ് ഡെംപോക്ക് രണ്ടും വര്‍ഷമാണ് ഐ എസ് എല്ലില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയത്.
 
ഐ എസ് എല്ലിന്റെ കഴിഞ്ഞ സീസണിലെ ഫൈനലിനു ശേഷമായിരുന്നു വിവാദസംഭവങ്ങള്‍ അരങ്ങേറിയത്. 
ഡിസംബര്‍ 20ന് ഗോവയിലെ ഫട്ടോര്‍ഡ സ്റ്റേഡിയത്തില്‍  നടന്ന ഫൈനലില്‍ 2 - 3ന് ചെന്നൈയിന്‍ എഫ് സിയോട് ആയിരുന്നു ഗോവ എഫ് സി തോറ്റത്. ചെന്നൈയുടെ ബ്രസീല്‍ താരം എലാനോയെ എഫ് സി ഗോവ ഉടമകളുടെ പ്രേരണയില്‍ അറസ്റ്റ് ചെയ്‌തിരുന്നത് വിവാദമായിരുന്നു. ഇത് ഉള്‍പ്പെടെ നിരവധി കുറ്റങ്ങളാണ് ടീമിനെതിരെ കമ്മീഷന്‍ കണ്ടെത്തിയത്.
 
അടുത്ത സീസണില്‍ എഫ് സി ഗോവയുടെ 15 പോയന്‍റ് കുറക്കാനും കമ്മീഷന്‍ തീരുമാനിച്ചു. അടുത്ത സീസണില്‍ മൈനസ് 15 പോയന്‍റില്‍ നിന്നാകും ഗോവ മത്സരം തുടങ്ങുക. ജസ്റ്റിസ് ഡി എ മത്തേയുടെ നേതൃത്വത്തിലുള്ള റെഗുലേറ്ററി കമീഷനില്‍ ഡി ശിവാനന്ദന്‍, വിദുഷ്പത് സിംഘാനിയ, ജസ്റ്റിസ് ബി എന്‍ മത്തേ, ക്രിക്കറ്റര്‍ കിരണ്‍ മോറെ എന്നിവരും അംഗങ്ങളായിരുന്നു.

വെബ്ദുനിയ വായിക്കുക