രാഹുല്‍ - ക്രുനാല്‍ വെടിക്കെട്ട്, ഇംഗ്ലണ്ടിന് വിജയലക്‍ഷ്യം 318 റണ്‍സ്

ജോര്‍ജി സാം

ചൊവ്വ, 23 മാര്‍ച്ച് 2021 (18:00 IST)
ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്‌ടത്തില്‍ 317 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ കെ എല്‍ രാഹുലും (62 നോട്ടൌട്ട്) ക്രുനാല്‍ പാണ്ഡ്യയും (58 നോട്ടൌട്ട്) നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 
 
31 പന്തുകളില്‍ നിന്നാണ് ക്രുനാല്‍ പാണ്ഡ്യ 58 റണ്‍സെടുത്തത്. ഇതില്‍ ഏഴ് ബൌണ്ടറികളും രണ്ട് സിക്‍സറുകളും ഉള്‍പ്പെടുന്നു. 43 പന്തുകളില്‍ നിന്ന് 62 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെ ഇന്നിംഗ്‌സില്‍ നാല് ബൌണ്ടറികളും നാല് സിക്സറുകളും ഉള്‍പ്പെടുന്നു. 
 
നേരത്തേ ഓപ്പണര്‍ ശിഖര്‍ ധവാന്‍ 98 റണ്‍സിന് പുറത്തായിരുന്നു. സ്റ്റോക്‍സിന്‍റെ പന്തില്‍ മോര്‍ഗന്‍ പിടിച്ചാണ് ശിഖര്‍ ധവാന്‍ പുറത്തായത്. 106 പന്തുകള്‍ നേരിട്ട ധവാന്‍ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ക്യാപ്‌ടന്‍ വിരാട് കോഹ്‌ലിക്കൊപ്പം മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. കോഹ്‌ലി 56 റണ്‍സെടുത്ത് പുറത്തായി.
 
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്‌ക്ക് വേണ്ടി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും കരുതലോടെയാണ് ബാറ്റ് വീശിയത്. രോഹിത് ശര്‍മ 28 റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെ പകരമെത്തിയ കോഹ്‌ലിയും ധവാനും ശ്രദ്ധയോടെ സ്കോര്‍ ചലിപ്പിച്ചു. അടിത്തറ സ്ഥാപിക്കാനായതോടെ ശിഖര്‍ ധവാന്‍ കത്തിക്കയറി.
 
ധവാന്‍റെ ഇന്നിംഗ്‌സില്‍ 11 ബൌണ്ടറികളും രണ്ട് പടുകൂറ്റന്‍ സിക്‍സറുകളും ഉള്‍പ്പെടുന്നു. ശ്രേയസ് അയ്യര്‍ ആറ് റണ്‍സിനും ഹാര്‍ദ്ദിക് പാണ്ഡ്യ ഒരു റണ്‍ മാത്രമെടുത്തും പുറത്തായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍