കോഹ്‌ലിക്ക് താല്‍പ്പര്യം അയാളോട്, ഇത് സഞ്ജുവിന് തിരിച്ചടി! - കരുണ്‍ തിരിച്ചുവരുന്നു

ബുധന്‍, 5 ഒക്‌ടോബര്‍ 2016 (14:31 IST)
ഇടതു കൈയുടെ പെരുവിരലിന് പൊട്ടലുണ്ടായതിനേത്തുടര്‍ന്നു ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനു പകരം കര്‍ണാടകയില്‍ നിന്നുള്ള മലയാളി ബാറ്റ്‌സ്മാന്‍ കരുണ്‍ നായരെ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും അദ്ദേഹം കളിക്കാനിടെയില്ല.

രണ്ടുവര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ടെസ്‌റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ  ഗൗതം ഗംഭീര്‍ ധവാന് പകരം ടീമില്‍ ഇടം നേടാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ ടെസ്റ്റ് അരങ്ങേറ്റത്തിനായി ഇരുപത്തിനാലുകാരനായ കരുണ്‍ വീണ്ടും കാത്തിരിക്കേണ്ടി വരും.

കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ മുരളി വിജയ്ക്ക് പരുക്കേറ്റത് മൂലം ടീമിലേക്ക് തെരഞ്ഞെടുത്തെങ്കിലും കളിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. ഈ വര്‍ഷം ജൂണില്‍ സിംബാബ്‌വെയ്‌ക്കിതിരെ നടന്ന പരമ്പരയിലൂടെ കരുണ്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. രണ്ട് ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള കരുണ്‍ നായര്‍ 46 റണ്‍സ് നേടിയിട്ടുണ്ട്. 39 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

2015-16 കര്‍ണാടകത്തിന് വേണ്ടി രഞ്ജി സീസണില്‍ 50 റണ്‍സ് ശരാശരിയില്‍ 500 റണ്‍സാണ് പാതി മലയാളിയായ കരുണ്‍ നേടിയത്. ഐപിഎല്ലില്‍ നിലവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരമാണ് ഇദ്ദേഹം‍. ഐപിഎല്ലിലും കരുണ്‍ മികച്ച പ്രകടനം നടത്തിയിരുന്നു.  

അതേസമയം, മലയാളി താരം സഞ്ജു വി സാംസണ്‍ന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള പ്രവേശനം ഇനിയും വൈകിയേക്കും. ടെസ്‌റ്റ് നായകനായ വിരാട് കോഹ്‌ലിക്ക് വൃദ്ധിമാന്‍ സാഹയോടാണ് കൂടുതല്‍ താല്‍പ്പര്യമെന്നതാണ് സഞ്ജുവിന് തിരിച്ചടിയാകുന്നത്. വിക്കറ്റിന് പിന്നില്‍ സാഹയേക്കാള്‍ മിടുക്ക് സഞ്ജുവിനാണെങ്കിലും കോഹ്‌ലിയുടെ വാക്കുകള്‍ക്കാണ് സെലക്ഷന്‍ ബോര്‍ഡിന് താല്‍പ്പര്യം.

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്‌റ്റില്‍ സാഹ മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു. തുടര്‍ന്ന് സാഹയെ പ്രശംസിച്ച് കോഹ്‌ലി രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ സാഹയാണെന്ന് ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.

വെബ്ദുനിയ വായിക്കുക