ഈ ടീമിനോട് കളിച്ചാല്‍ ഇതല്ലാതെ മറ്റെന്ത് ഫലം; ഈഡനില്‍ കോഹ്‌ലിക്ക് ചിരിയടക്കാന്‍ സാധിക്കുന്നില്ല

തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (17:27 IST)
ചെറുത്തുനില്‍പ്പിനു പോലും താല്‍പ്പര്യം കാണിക്കാതിരുന്ന ന്യൂസിലന്‍ഡ് ഇന്ത്യക്കെതിരായ രണ്ടാം ടെസ്‌റ്റിലും പരാജയമറിഞ്ഞു. അഞ്ഞൂറാം ടെസ്‌റ്റിലെ വിജയത്തിന് പിന്നാലെ സ്വന്തം മണ്ണിലെ 250മത്തെ ടെസ്‌റ്റിലും ജയിച്ച വിരാട് കോഹ്‌ലിയും സംഘവും ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ പാകിസ്ഥാനെ പിന്തള്ളി ഇന്ത്യ ഒന്നാം റാങ്ക് അരക്കിട്ട് ഉറപ്പിച്ചു.

376 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലന്‍ഡ് 200 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. സ്കോർ ഇന്ത്യ 316 & 263, ന്യൂസിലൻഡ് 204&197. ഇതോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പര 2–0ത്തിന് ഇന്ത്യ സ്വന്തമാക്കി.  അശ്വൻ, ഷാമി, രവീന്ദ്ര ജഡേജ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. മൂന്നാം ടെസ്റ്റ് എട്ടിന് ഇൻഡോറിൽ നടക്കും.

375 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ കിവികള്‍ക്കായി ടോം ലഥാം (74) മാത്രമാണ് ചെറുത്തു നില്‍പ്പ് നടത്തിയത്. മാർട്ടിൻ ഗുപ്റ്റിൽ (24), ഹെൻറി നിക്കോളാസ് (24), ലൂക്ക് റോഞ്ചി (32) എന്നിവർ പ്രതീക്ഷ നല്‍കിയെങ്കിലും ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ക്ക് മുന്നില്‍ തകരുകയായിരുന്നു. റോസ് ടെയ്‌ലര്‍ (4), മിച്ചല്‍ സാന്റനര്‍ (9), വാട്‌ലിങ് (1), മാറ്റ് ഹെന്റി (18), ജിതിന്‍ പട്ടേല്‍ (2), വാഗ്നര് (5), ബോള്‍ട്ട് (4) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍.  

വെബ്ദുനിയ വായിക്കുക