ഇംഗ്ലീഷ് പരീക്ഷ പാസാകാന്‍ ഈ പഠിത്തം പോര; കോഹ്‌ലിക്ക് തലവേദനയാകുന്ന് നാല് സൂപ്പര്‍ താരങ്ങള്‍
ബുധന്‍, 18 ജനുവരി 2017 (16:49 IST)
ജയത്തിന്റെ അടിത്തറയിലേക്ക് ഒരു ആണി കൂടി അടിക്കാന്‍ വിരാട് കോഹ്‌ലിയും സംഘവും ബുധാനാഴ്‌ച ഇംഗ്ലണ്ടിനെതിരെ പാഡ് കെട്ടാനിറങ്ങുമ്പോള്‍ ആധികാരികമായ ജയമാകും ലക്ഷ്യം. നായകനായ ശേഷമുള്ള ആദ്യ ഏകദിനത്തില്‍ പരാജയത്തിന്റെ വക്കില്‍ നിന്ന് ജയം സ്വന്തമാക്കിയെങ്കിലും കോഹ്‌ലിക്ക് ആ മത്സരമൊരു കണക്ക് പരീക്ഷയായിരുന്നു.
ലക്ഷ്യബോധമില്ലാത്ത ബോളര്‍മാര്‍ക്കൊപ്പം തകരുന്ന മുന്‍നിര വിക്കറ്റുകളുമാണ് നായകന്റെ കുപ്പായമണിഞ്ഞ ആദ്യ പരീക്ഷണത്തില്‍ കോഹ്‌ലിയെ സമ്മര്‍ദ്ദത്തിലാക്കിയത്. പാരജയ താരമായി തുടരുന്ന ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, യുവരാജ് സിംഗ്, മഹേന്ദ്ര സിംഗ് ധോണി എന്നിവര്‍ അതിവേഗത്തില്‍ കൂടാരം കയറിയപ്പോഴാണ് കേദാര്‍ ജാദവിനൊപ്പം കോഹ്‌ലി ഇംഗ്ലീഷുകാരില്‍ നിന്ന് കളി പിടിച്ചെടുത്തത്.
ജാദവിന്റെ പ്രകടനം അപ്രതീക്ഷിതമായിരുന്നുവെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ഏകദിന ടീമില്‍ ഇടം നേടിയ യുവരാജ് പ്രതീക്ഷകളെ ക്ലീന്‍ ബൌള്‍ഡ് ചെയ്‌തു. നായകന്റെ കുപ്പായം അഴിച്ചുവെച്ചിട്ടും ധോണിക്ക് താളം കണ്ടെത്താന്‍ സാധിക്കാത്തതും തിരിച്ചടിയാണ്. അതേസമയം, ലോകേഷ് രാഹുലിന് സമയം നല്‍കേണ്ടത് അനിവാര്യവുമാണ്.
നാലിന് 63 എന്ന നിലയില്‍ നിന്നും 350 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചതിന്റെ ആത്മവിശ്വാസം കരുത്ത് പകരുമെങ്കിലും രണ്ടാം ഏകദിനത്തില്‍ ഇക്കളി മതിയാകില്ല. ഇംഗ്ലീഷ് ബറ്റ്‌സ്‌മാന്‍മാര്‍ക്ക് മുമ്പില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് യാതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. നിര്‍ണായക വിക്കറ്റുകള്‍ നേടുന്നതിനോ റണ്ണൊഴുക്ക് തടയുന്നതിനോ കോഹ്‌ലിയുടെ ബോളര്‍മാര്‍ക്ക് സാധിച്ചില്ല എന്നത് വസ്‌തുതയാണ്.
റണ്ണൊഴുക്ക് തടയേണ്ട രീതിയില്‍ ഫീല്‍ഡില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. നായകസ്ഥാനത്തിന്റെ ഭാരമില്ലാതെ കളിക്കുന്ന ധോണിക്ക് വരും മത്സരങ്ങള്‍ പരീക്ഷണമാണ്. ടീമിലേക്കെത്താന്‍ യുവ താരങ്ങള്‍ കാത്തു നില്‍ക്കുന്നതിനാല്‍ ധോണിയെ സെലക്‍ടര്‍മാര്‍ കൈവിടാതിരിക്കാന്‍ മികച്ച ഇന്നിംഗ്‌സ് അദ്ദേഹം പുറത്തെടുത്തെ മതിയാകു. ടെസ്‌റ്റ് പരമ്പരയിലെ തോല്‍വിയുടെ കണക്ക് തീര്‍ക്കാന്‍ പൊരുതുന്ന ഇംഗ്ലീഷ് ടീമിന് മികച്ച കെണിയൊരുക്കിയില്ലെങ്കില്‍ നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പരയില്‍ തോല്‍ക്കുക എന്ന വിധി കോഹ്‌ലിക്കുണ്ടാകും.