അത്ഭുതങ്ങള്‍ സംഭവിച്ചില്ല; ഇന്ത്യ തോറ്റു, ഇംഗ്ലണ്ട് ഫൈനലില്‍

വെള്ളി, 30 ജനുവരി 2015 (16:48 IST)
അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല, ഒരു ജയം പോലുമില്ലാതെ ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിയില്‍ നിന്ന് പേര് കേട്ട ടീം ഇന്ത്യ പുറത്തായി. ഇന്ത്യ ഉയര്‍ത്തിയ 201 റണ്‍സെന്ന വിജയലക്ഷ്യം 7 വിക്കറ്റ് നഷ്‌ടത്തില്‍ 48.1 ഓവറില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. പെര്‍ത്തില്‍ നടക്കുന്ന ഫൈനലില്‍ ഓസ്ട്രേലിയയാണ് ഇംഗ്ലീഷുകാരുടെ എതിരാളി.

ഇന്ത്യ ഉയര്‍ത്തിയ ചെറിയ ടോട്ടല്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തില്‍ തന്നെ പതറുകയായിരുന്നു. 66 റണ്‍സ് എടുക്കുന്നതിനിടെ അഞ്ചു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ ശേഷമായിരുന്നു ഇംഗണ്ടിന്റെ തിരിച്ചുവരല്‍.  നാലാം ഓവറില്‍ തന്നെ ഇയാന്‍ ബെല്‍ (10) ഇഷാന്തിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യക്ക് പ്രതീക്ഷകള്‍ നല്‍കി ഇംഗ്ലീഷ് വിക്കറ്റുകള്‍ കൂട്ടത്തോടെ നിലം പതിക്കുകയായിരുന്നു. അലി (17), ജോ റൂട്ട് (3), ഇയാന്‍ മോര്‍ഗന്‍ (2), രവി ബൊപാര (4), എന്നിവര്‍ പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കാതെ കൂടാരം കയറിയപ്പോള്‍ ജയിംസ് ടെയ്‌ലര്‍ (82) ബട്ട്‌ലര്‍ (67) എന്നിവര്‍ ചേര്‍ന്ന് ജയം സമ്മാനിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 125 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്. ഇരുവരും പുറത്തായശേഷം ക്രിസ് വോക്‍സ് (4*), സ്റ്റ്യുവാര്‍ട്ട് ബ്രോഡ് (3*) എന്നിവരും ചേര്‍ന്ന് ജയത്തിലേക്ക് നയിക്കുകയായിരുന്നു.

ഇരു ടീമുകള്‍ക്കും നിര്‍ണായകമായ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മുന്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇന്ത്യന്‍ ഓപ്പണര്‍മാര്‍ വിക്കറ്റ് കളയാതിരിക്കാനും താളം കണ്ടെത്താനും ശ്രമിക്കുകയായിരുന്നു. 83 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. പതിവ് പോലെ പരാജയത്തില്‍ നിന്ന് പരാജയത്തിലേക്ക് നീങ്ങുന്ന ധവാനാണ് (38) ആദ്യം പുറത്തായത്.

പിന്നീട് എല്ലാം വളരെപ്പെട്ടെന്ന് തന്നെ അവസാനിക്കുകയും ചെയ്തു. വിരാട് കോഹ്‌ലി (8), സുരേഷ് റെയ്‌ന (1), അമ്പാട്ടി റായിഡു (12), നായകന്‍ മഹേന്ദ്ര സിംഗ് ധോണി (17), ലോകകപ്പില്‍ കൊട്ടിഘോഷിച്ച് ടീമില്‍ ഉള്‍പ്പെടുത്തിയ സ്‌റ്റുവാര്‍ട്ട് ബിന്നി (7), രവീന്ദ്ര ജഡേജ (5), അക്ഷേര്‍ പട്ടേല്‍ (1), മോഹിത് ശര്‍മ്മ (7), മുഹമദ് ഷാമി (25) എന്നിവരാണ് ഇംഗ്ലീഷ് ബൌളര്‍മാരെ കൂടുതല്‍ വിഷമിപ്പിക്കാതെ കൂടാരം കയറിയവര്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക