ബാറ്റ്സ്മാന്മാരുടെ ശവപറമ്പായി ബെംഗളുരു: ആദ്യദിനം വീണത് 16 വിക്കറ്റുകൾ

ഞായര്‍, 13 മാര്‍ച്ച് 2022 (09:46 IST)
ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിക്കറ്റ് മഴ. ആദ്യദിനത്തിൽ 16 വിക്കറ്റുകളാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വീണത്. ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ഉയർത്തിയ 252 റൺസിന് മുന്നിൽ വെറും 86 റൺസിന് 6 എന്ന ദയനീയാവസ്ഥയിലാണ് സന്ദർശകർ.
 
പകലും രാത്രിയുമായി നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിന്റെ ആദ്യദിനം തന്നെ 16 വിക്കറ്റുകളാണ് നഷ്ടമായത്. ആദ്യമായാണ് ഒരു പിങ്ക് ബോൾ ടെസ്റ്റിന്റെ ആദ്യ ദിനം ഇത്രയും വിക്കറ്റുകൾ വീഴുന്നത്.  2017ല്‍ ദക്ഷിണാഫ്രിക്ക- സിംബാബ്‌വെ ടെസ്റ്റിൽ 13 വിക്കറ്റുകൾ വീണതായിരുന്നു ഇതിന് മുൻപത്തെ റെക്കോർഡ്.
 
2018ല്‍ ഓക്‌ലന്‍ഡില്‍ ന്യൂസിലന്‍ഡ് - ഇംഗ്ലണ്ട് ടെസ്റ്റിന്റെ ആദ്യ ദിനത്തിലും 13 വിക്കറ്റുകള്‍ വീണു. 2019ല്‍ ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിലും ആദ്യദിനം നഷ്ടമായത് 13 വിക്കറ്റുകള്‍. നേരത്തെ ഇന്ത്യയ്ക്കായി മധ്യനിരയിൽ അർധസെഞ്ചുറിയുമായി പൊരുതിയ ശ്രേയസ് അയ്യരിന്റെ പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.
 
ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ശ്രേയസ് 98 പന്തില്‍ 92 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായി. 26 പന്തില്‍ 39 റണ്‍സെടുത്ത റിഷഭ് പന്തും 31 റണ്‍സെടുത്ത ഹനുമാ വിഹാരിയുമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത് മറ്റ് താരങ്ങൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍