ഓസ്‌ട്രേലിയയെ മടുപ്പിക്കാതെ വേഗം കളി അവസാനിപ്പിച്ച് ഇന്ത്യ മാതൃകയായി; കങ്കാരുക്കള്‍ക്ക് തകര്‍പ്പന്‍ ജയം

ചൊവ്വ, 18 ഡിസം‌ബര്‍ 2018 (09:21 IST)
ഓസ്ട്രേലിയന്‍ പേസ് ആക്രമണത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ. പെര്‍ത്ത് ടെസ്‌റ്റില്‍ 147 റണ്‍സിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിരാട് കോഹ്‌ലിയും സംഘവും 140ന് പുറത്തായി. സ്‌കോര്‍ ഓസ്‌ട്രേലിയ 326 & 243. ഇന്ത്യ 283 & 140.

112ന് അഞ്ച് എന്ന നിലയില്‍ അഞ്ചാം ദിനം ആരംഭിച്ച ഇന്ത്യ ഓസ്‌ട്രേലിയന്‍ താരങ്ങളെ മടുപ്പിക്കാന്‍ നില്‍ക്കാതെ അതിവേഗം കൂടാരം കയറുകയായിരുന്നു. സ്‌റ്റാര്‍ക്കിനു വിക്കറ്റ് നല്‍കി ഹനുമ വിഹാരിയാണ് (28) ആദ്യം പുറത്തായത്. പിന്നാലെ എല്ലാം വേഗത്തില്‍ സംഭവിച്ചു.

ഋഷഭ് പന്ത് (30), ഉമേഷ് യാദവ് (2), ഇശാന്ത് ശര്‍മ (0), ജസ്പ്രീത് ബുംറ (0) എന്നിവര്‍ വന്നതും പോയതും ഒരു പോലെയായിരുന്നു. മുരളി വിജയ് (20), കോഹ്‌ലി (17), അജിങ്ക്യ രഹാനെ (30), എന്നിവരാണു രണ്ടാം ഇന്നിംഗ്‌സില്‍   രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

ഓസീസിനായി നഥാന്‍ ലിയോണ്‍, സ്റ്റാര്‍ക്ക് എന്നിവര്‍ മൂന്നും പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവര്‍ക്കും ഓരോ വിജയം വീതമായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍