ദിനേശ് കാര്‍ത്തിക്കില്‍ മറ്റൊരു ധോണിയെ കണ്ട് സെലക്ടര്‍മാര്‍; ട്വന്റി 20 ലോകകപ്പ് ടീമില്‍ ഫിനിഷറുടെ റോള്‍ ഉറപ്പ്, ഫലം കാണുമോ തന്ത്രം?

ചൊവ്വ, 19 ജൂലൈ 2022 (16:17 IST)
ഇന്ത്യയുടെ ട്വന്റി 20 സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിച്ച താരങ്ങളില്‍ സീനിയര്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തിക്കും. ബിസിസിഐയുമായി ഏറ്റവും അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ദിനേശ് കാര്‍ത്തിക്കിന് വീണ്ടും ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. ട്വന്റി 20 ലോകകപ്പില്‍ ഫിനിഷറുടെ റോള്‍ വഹിക്കണമെന്നാണ് സെലക്ടര്‍മാരും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും കാര്‍ത്തിക്കിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. 
 
മഹേന്ദ്രസിങ് ധോണിക്ക് ശേഷം ഇന്ത്യക്ക് മികച്ച ഫിനിഷറെ കിട്ടിയിട്ടില്ല. ആ സ്ഥാനത്തേക്ക് പരിചയസമ്പത്തുള്ള ദിനേശ് കാര്‍ത്തിക്ക് എത്തുമ്പോള്‍ ടീമിന് കൂടുതല്‍ കരുത്താകുമെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. വിക്കറ്റ് കീപ്പര്‍ ആണെന്നതും ദിനേശ് കാര്‍ത്തിക്കിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചു. റിഷഭ് പന്ത് മുഖ്യ വിക്കറ്റ് കീപ്പറായി ടീമില്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പൊസിഷനില്‍ ഇഷാന്‍ കിഷനൊപ്പം ദിനേശ് കാര്‍ത്തിക്കും ഉണ്ടാകും. 
 
അതേസമയം, ഐപിഎല്ലിലെ ഫോം പിന്നീട് നിലനിര്‍ത്താന്‍ കാര്‍ത്തിക്കിന് സാധിച്ചിട്ടില്ല എന്നത് സെലക്ടര്‍മാരേയും ബിസിസിഐയേയും ആശങ്കപ്പെടുത്തുന്നുണ്ട്. ഈ വര്‍ഷം ട്വന്റി 20 യില്‍ ഒന്‍പത് ഇന്നിങ്‌സുകളില്‍ നിന്ന് 21 ശരാശരിയില്‍ 126 റണ്‍സാണ് കാര്‍ത്തിക്ക് ഇതുവരെ നേടിയിരിക്കുന്നത്. ഐപിഎല്‍ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കണക്കുകള്‍ അത്ര മികച്ചതല്ല. ഫിനിഷറുടെ റോളില്‍ രണ്ടും കല്‍പ്പിച്ച് ദിനേശ് കാര്‍ത്തിക്കിനെ ഉറപ്പിക്കുമ്പോള്‍ അത് എത്രത്തോളം ഫലം കാണുമെന്ന് കാത്തിരുന്ന് കാണാം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍