ഓസീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ തുടർച്ചയായി ഗോൾഡൻ ഡക്കായി പുറത്തായി നാണക്കേടിൻ്റെ റെക്കോർഡിട്ട് സൂര്യകുമാർ യാദവിന് രക്ഷയായി പാക് താരത്തിൻ്റെ പ്രകടനം. രണ്ട് വർഷങ്ങൾക്ക് ശേഷം പാക് ടീമിലെത്തിയ അബ്ദുള്ള ഷെഫീക്കാണ് തുടർച്ചയായി 4 മത്സരത്തിൽ പൂജ്യനായി മടങ്ങി ക്രിക്കറ്റ് ലോകത്തിന് മുന്നിൽ നാണം കെട്ടിരിക്കുന്നത്.
ഇത്തരത്തിൽ പുറത്താവുന്ന ആദ്യ താരമാണ് ഷെഫീഖ്. 2020ൽ ന്യൂസിലൻഡിനെതിരെയായിരുന്നു ആദ്യത്തേത്.തൊട്ടടുത്ത മത്സരത്തിലും രണ്ടാം പന്തിൽ ഷെഫീഖ് മടങ്ങി. തുടർന്ന് ടീമിൽ നിന്നും പുറത്തായ ഷെഫീഖ് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലൂടെയാണ് ടീമിൽ തിരിച്ചെത്തിയത്. എന്നാൽ അഫ്ഗാനെതിരെ ഷാർജയിൽ നടന്ന ആദ്യ മത്സരത്തിലും ഷെഫീഖിന് അക്കൗണ്ട് തുറക്കാനായില്ല. ഇന്നലെ നടന്ന രണ്ടാം ടി20യിലും പൂജ്യനായതോടെയാണ് ഷഫീഖിനെ തേടി നാണക്കേടിൻ്റെ റെകോർഡെത്തിയത്.