‘നീ മുന്നാമനായോ നാലാമനായോ ക്രീസില്‍ എത്തേണ്ട ആവശ്യമില്ല, ഓപ്പണറായി തന്നെ ഇറങ്ങണം’ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദാദയായ സൌരവ് ഗാംഗുലിയുടെ ഈ വാക്കുകള്‍ വീരേന്ദര്‍ സെവാഗിന്റെ ക്രിക്കറ്റ് ജീവിതം കീഴ്‌മേല്‍ മറിക്കുകയായിരുന്നു. തുടര്‍ന്നങ്ങോട്ട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റി മറിക്കുകയായിരുന്നു വീരുവെന്ന ഇന്ത്യന്‍ ഓപ്പണര്‍.
1999ലാണ് സെവാഗ് ആദ്യമായി ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ പാഡു കെട്ടിയത്. 2001-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്‌റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. ടെസ്‌റ്റ് ക്രിക്കറ്റായിരുന്നു വീരുവിനെ താരമാക്കി മാറ്റിയത്. അരങ്ങേറ്റത്തില്‍ ആറാമനായി ക്രീസിലെത്തിയ അദ്ദേഹം ദക്ഷിണാഫ്രിക്കന്‍ പേസ് ബാറ്ററിയെ തല്ലിപ്പരത്തി.
സെഞ്ചുറിയുമായി കൂടാരത്തിലെത്തിയ താരത്തിനോട് ഗാംഗുലി പറഞ്ഞു ‘ ഇനി നിന്റെ സ്ഥാനം ഓപ്പണറായിട്ടാണ് ’. നായകന്റെ തീരുമാനത്തിന് അന്നത്തെ കോച്ച് ജോണ്‍ റൈറ്റ് പച്ചക്കൊടി ഉയര്‍ത്തിയതോടെ വീരു യുഗത്തിന് പിറവിയായി.
ഫീല്‍ഡിംഗ് നിയന്ത്രണമുള്ള ആദ്യ ഓവറുകളില്‍ വമ്പന്‍ ഷോട്ടുകള്‍ കളിച്ച് എതിരാളികളെ തരിപ്പണമാക്കുക എന്ന തന്ത്രം ആദ്യം പരീക്ഷിച്ച് വിജയിപ്പിച്ച താരമായിരുന്നു ശ്രീലങ്കന്‍ ഓപ്പണര്‍ സനത് ജയസൂര്യ. തുടര്‍ന്നങ്ങോട്ട് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ആഡം ഗില്‍ക്രിസ്‌റ്റും മാത്യു ഹെയ്‌ഡനും അതേ പാതയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയതോടെ ഏകദിന ക്രിക്കറ്റിന്റെ ആദ്യ ഓവറുകള്‍ കൂറ്റനടികളുടെ നിമിഷങ്ങളായി. എന്നാല്‍ ഇന്ത്യക്കായി ആ കടമ ചെയ്യാന്‍ ആരുമില്ലാതിരുന്ന സമയതാണ് ഇന്ത്യന്‍ ഓപ്പണറായി സെവാഗ് ക്രീസിലെത്തുന്നത്. ഇന്ത്യന്‍ പ്രതീക്ഷകള്‍ കെടാതെ നോക്കിയ വീരു എതിരാളികളുടെ പ്രതീക്ഷകളെ ആദ്യ ഓവറുകളില്‍ തന്നെ തല്ലിക്കെടുത്തി. കുറച്ചു നാളുകള്‍ കൊണ്ട് തന്നെ വീരുവെന്ന ഇന്ത്യന്‍ ഓപ്പണര്‍ എതിരാളികളുടെ പേടിസ്വപ്‌നമായി മാറി.
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ - വീരേന്ദര്‍ സെവാഗ് ഓപ്പണിംഗ് ജോഡിയെ ക്രീസിലെത്തിച്ച് ഗാംഗുലി എതിരാളികളുടെ മാനസികനില തന്നെ തകര്‍ത്തു. വീരു അടിച്ചു തകര്‍ക്കുബോള്‍ സച്ചിന്‍ പലപ്പോഴും സാക്ഷിയാകുകയായിരുന്നു. വീരുവിന്റെ വിക്കറ്റ് വീണാല്‍ സച്ചിന്‍ പോലും സമ്മര്‍ദ്ദത്തിലാകുന്ന ഘട്ടങ്ങളും കാണേണ്ടി വന്നു ക്രിക്കറ്റ് ലോകത്തിന്. ഒരു ഓപ്പണര്‍ക്ക് ടെസ്‌റ്റിന്റെ ആദ്യ മണിക്കൂറുകളില്‍ എന്ത് ചെയ്യാമെന്ന് വ്യക്തമാക്കുകയായിരുന്നു സെവാഗ്.
വളരെ വേഗം സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു എന്നും അദ്ദേഹം ചെയ്‌തിരുന്നത്. അടി തുടങ്ങിയാല്‍ അവസാനമില്ല. ഒരു ബോളറോടും ഒരു ദയയും കാണിക്കേണ്ട ആവശ്യമില്ല എന്നതുമായിരുന്നു വീരുവിന്റെ പോളിസി. അദ്ദേഹത്തിന്റെ വിക്കറ്റിനായി കാത്തിരിക്കുക എന്നല്ലാതെ വിക്കറ്റെടുക്കുക എന്ന തന്ത്രം ഒരിക്കലും ഈ ഡല്‍ഹിക്കാരന്റെ അടുത്ത് നടപ്പായില്ല.
പേസ് ബോളിംഗിന്റെ ആശാന്‍മാരായ പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകളുടെ ബോളര്‍മാര്‍ സെവാഗിന്റെ മുന്നില്‍ പിന്നീട് പതറുന്നത് പതിവ് കാഴ്‌ചയായിരുന്നു. വസീം അക്രം, ഷൊയ്‌ബ് അക്‍തര്‍, വഖാര്‍ യൂനീസ്, ഷോണ്‍ പൊള്ളോക്ക്, മഖായ എന്റീനി, ഡെയ്‌ന്‍ സ്‌റ്റെയിന്‍, ഗ്ലന്‍ മഗ്രാത്ത്, ബ്രെറ്റ്‌ലി എന്നീ ബോളര്‍മാരെ ഭയം കൂടാതെ നേരിട്ട ബാറ്റ്‌സ്‌മാനായിരുന്നു സെവാഗ്.
ക്രിക്കറ്റ് കോപ്പി ബുക്കുകളില്‍ ഇതുവരെ ചേര്‍ക്കപ്പെടാത്ത ഷോട്ടുകളുടെ തോഴനായിരുന്നു സെവാഗ്. കുട്ടികള്‍ ബാറ്റു വീശുന്ന ലാഘവത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ഷോട്ടുകള്‍. അതാതു സമയത്ത് തോന്നുന്ന ഷോട്ടുകള്‍ കളിക്കുന്നതായിരുന്നു പതിവ്. വീരുവിന്റെ ഇന്നിംഗ്‌സ് ഇന്ത്യന്‍ സ്‌കോറിന്റെ വേഗതയ്‌ക്കു പ്രധാന കാരണമായി തീരുകയും ചെയ്തു.
വീരു ക്രീസില്‍ ഉണ്ടെങ്കില്‍ എത്ര വമ്പന്‍ സ്‌കോര്‍ പിന്തുടരുന്നതിലും ആത്മവിശ്വാസമുണ്ടായിരുന്നു ഒരു കാലത്തെ ഇന്ത്യന്‍ ടീമിന്. ആദ്യ പത്ത് ഓവറില്‍ നൂറിനോട് അടുത്ത് റണ്‍സ് സ്‌കോര്‍ ചെയ്യുക എന്ന രീതി ഇന്ത്യന്‍ ടീമിന് മനസിലാക്കി കൊടുത്തത് സച്ചിനും വീരുവും ചേര്‍ന്നായിരുന്നു. ആരെയും കൂസാത്ത വ്യക്തി കൂടിയായിരുന്നു ഈ മുപ്പത്തിയെഴുകാരന്‍. അതിനാല്‍ തന്നെ ഏറെ പഴികളും അദ്ദേഹത്തിന് കേള്‍ക്കേണ്ടതായിട്ടുണ്ട്.
വെടിക്കെട്ട് ബാറ്റിംഗ് തന്നെയാണ് സെവാഗിനെ അപകടകാരിയാക്കി തീര്‍ത്തതും നേട്ടങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ സഹായിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ (319), ടെസ്റ്റിലെ അതിവേഗ ട്രിപ്പിള്‍ സെഞ്ചുറിയുടെ റെക്കോര്‍ഡ് (278 പന്തില്‍ 300) എന്നിവയും സെവാഗിന്റെ പേരിലാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരം കൂടിയാണ് സെവാഗ്. അതിന് ശേഷം ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറിയും നേടാന്‍ സഹായിച്ചതും ഈ പൊട്ടിത്തെറിക്കുന്ന ബാറ്റിംഗ് രീതി തന്നെയായിരുന്നു.
104 ടെസ്റ്റുകളില്‍ ഇന്ത്യക്കായി കളിച്ച സെവാഗ് രണ്ട് ട്രിപ്പിള്‍ സെഞ്ചുറി അടക്കം 8586 റണ്‍സ് നേടിയിട്ടുണ്ട്. 23 സെഞ്ചുറികളാണ് ടെസ്‌റ്റില്‍ വീരുവിന്റെ പേരിലുള്ളത്. ഏകദിന ക്രിക്കറ്റില്‍ ഒരു ഡബിള്‍ സെഞ്ചുറി അടക്കം 8273 റണ്‍സാണ് സെവാഗിന്റെ സമ്പാദ്യം. 15 സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്ത സ്കോറും(219) സെവാഗിന്റെ പേരിലാണ്. 2013ലാണ് സെവാഗ് അവസാനമായി ഇന്ത്യയ്‌ക്കായി കളിച്ചത്. 2011ല്‍ ലോകകപ്പ് ജയിച്ച ടീമില്‍ അംഗമായിരുന്നു. 2002ല്‍ അര്‍ജുന അവാര്‍ഡും 2010ല്‍ പത്മശ്രീയും നല്‍കി രാജ്യം ആദരിച്ചു. 2010ല്‍ ഐസിസിയുടെ മികച്ച ടെസ്റ്റ് കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു വീരു.