ചെന്നൈയ്ക്ക് തകര്‍പ്പന്‍ വിജയം

ശനി, 3 മെയ് 2014 (09:05 IST)
നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ സ്വന്തം നാടായ റാഞ്ചിയിലെ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 34 റണ്‍സിന് തോല്‍പ്പിച്ചു
 
തുടക്കത്തില്‍ പെയ്ത മഴ കാരണം 17 ഓവറാക്കി വെട്ടിച്ചുരുക്കിയ മല്‍സരത്തില്‍ ടോസ് നേടിയ ധോനി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്തയ്ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുക്കാനേ സാധിച്ചുള്ളു.
 
40 പന്തില്‍ 56 റണ്‍സെടുത്ത ഓപ്പണ്‍ ബ്രണ്ടന്‍ മെക്കല്ലത്തിന്റെ ബാറ്റിങ്ങാണ് ചൈന്നൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 25 പന്തില്‍ ഒരു സിക്‌സറും നാല് ബൗണ്ടറിയും ഉള്‍പ്പെടെ 31 റണ്‍സെടുത്ത സുരേഷ് റെയ്‌നയും 17 പന്തില്‍ 22 റണ്‍സോടെ പുറത്താവാതെ നിന്ന ധോനിയും മെക്കല്ലത്തിന് മികച്ച പിന്തുണ നല്‍കി. 
 
എന്നാല്‍ മികച്ച ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ടീമിന്റെ വിജയശില്‍പ്പിയായ രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്. 17 റണ്‍സും നാലു വിക്കറ്റുമാണ് ജഡേജയുടെ സംഭാവന. 
 
ആറ് മല്‍സരങ്ങളില്‍ നിന്ന് 10 പോയന്റ് നേടിയ ചെന്നൈ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള പഞ്ചാബിനൊപ്പമെത്തി. പഞ്ചാബ് അഞ്ച് മല്‍സരങ്ങളില്‍ നിന്നാണ് 10 പോയന്റ് നേടിയത്. ആറ് മാച്ചുകളില്‍ നാല് പോയന്റാണ് കൊല്‍ക്കത്തക്കുള്ളത്. 
 
 

വെബ്ദുനിയ വായിക്കുക