മാച്ച് ഫീ എന്നു പറഞ്ഞാല്‍ ഇങ്ങനെ വേണം; ഇന്ത്യന്‍ ടെസ്‌റ്റ് കളിക്കാരുടെ പുതുക്കിയ പ്രതിഫലം എത്രയെന്ന് കേട്ടാല്‍ ഞെട്ടും

ശനി, 1 ഒക്‌ടോബര്‍ 2016 (15:24 IST)
ടെസ്‌റ്റ് മത്സരങ്ങള്‍ക്ക് പരിഗണ കുറയുന്ന സാഹചര്യത്തില്‍ താരങ്ങള്‍ക്ക് മത്സരത്തിനോട് താല്‍പ്പര്യം വര്‍ദ്ധിക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരുടെ ടെസ്റ്റ് മാച്ച് ഫീ ബിസിസിഐ ഇരട്ടിയാക്കി ഉയർത്തി. ഏഴു ലക്ഷത്തിൽ നിന്ന് 15 ലക്ഷമാക്കിയാണ് ഉയർത്തിയത്.

റിസർവ് താരങ്ങളുടെ പ്രതിഫലത്തിലും വർധന വരുത്തി. ഏഴു ലക്ഷം രൂപയാണ് പുതുക്കിയ പ്രതിഫല തുക. മുംബൈയിൽ ചേർന്ന ബിസിസിഐ പ്രത്യേക യോഗമാണ് ടെസ്റ്റ് മാച്ച് ഫീ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്.

ടെസ്റ്റ് മത്സരങ്ങൾക്ക് കൂടുതൽ പരിഗണന ലഭിക്കേണ്ടതിനാലാണ് പ്രതിഫലത്തുക ഉയർത്താൻ തീരുമാനിച്ചതെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂർ പറഞ്ഞു.  കളിക്കാർക്ക് ടെസ്റ്റ് മത്സരങ്ങളിൽ താൽപര്യം നിലനിർത്താൻ മികച്ച പ്രതിഫലം നൽകണം. പുതിയ കളിക്കാർ ട്വന്റി–20 ക്രിക്കറ്റ് ലീഗുകളിൽ ആകൃഷ്ടരാകുന്നത് നോക്കി മാറി നിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക