നേരാവണ്ണം ബാറ്റ് ചെയ്യുന്നവനെ ഒന്‍പതാം നമ്പറില്‍ ഇറക്കുന്നു; ആനമണ്ടത്തരം ചെയ്ത് രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും, പരക്കെ വിമര്‍ശനം

വെള്ളി, 3 മാര്‍ച്ച് 2023 (10:06 IST)
ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യ തോല്‍വി ഉറപ്പിച്ചു കഴിഞ്ഞു. രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയുടെ പ്രകടനം ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യന്‍ നിരയില്‍ ആരും ബാറ്റിങ്ങില്‍ കാര്യമായ സംഭാവനകള്‍ ചെയ്തിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് കുറച്ച് കൂടി റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ കഴിവുള്ള അക്ഷര്‍ പട്ടേലിനെ നേരംവൈകി ഇറക്കിയതാണ് ഇപ്പോള്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. സ്പിന്നിനെ നന്നായി കളിക്കാന്‍ കെല്‍പ്പുള്ള ഇടംകൈയന്‍ ബാറ്ററാണ് അക്ഷര്‍ പട്ടേല്‍. എന്നിട്ടും ഇന്‍ഡോറില്‍ അക്ഷറിനെ ഇറക്കിയത് ഒന്‍പതാമനായി ! 
 
ആദ്യ രണ്ട് മത്സരങ്ങളിലും നിര്‍ണായക അര്‍ധ സെഞ്ചുറികള്‍ നേടിയ താരമാണ് അക്ഷര്‍. മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ എട്ടാം നമ്പറിലാണ് അക്ഷര്‍ ബാറ്റ് ചെയ്യാനെത്തിയത്. 33 പന്തില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാം ഇന്നിങ്‌സില്‍ ആകട്ടെ അക്ഷറിനെ ഇറക്കിയത് ഒന്‍പതാമനായി ! 39 പന്തില്‍ 15 റണ്‍സുമായി അക്ഷര്‍ ഇത്തവണയും പുറത്താകാതെ നിന്നു. 
 
പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും ആനമണ്ടത്തരം ചെയ്തു എന്നാണ് ആരാധകരുടെ വിമര്‍ശനം. അക്ഷറിനെ അഞ്ചാമതോ ആറാമതോ ഇറക്കിയിരുന്നെങ്കില്‍ സ്‌കോര്‍ബോര്‍ഡില്‍ കുറച്ചുകൂടി റണ്‍സ് കാണുമായിരുന്നു എന്ന് ആരാധകര്‍ വിലയിരുത്തുന്നു. അങ്ങനെ പറയാന്‍ കാരണങ്ങളും ഉണ്ട്. 

 

സമീപകാലത്ത് ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന താരമാണ് അക്ഷര്‍. പ്രത്യേകിച്ച് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അക്ഷര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നുണ്ട്. ഈ പരമ്പരയില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്നായി 185 റണ്‍സ് അക്ഷര്‍ നേടിയിട്ടുണ്ട്. ശരാശരി 92.50 ! കെ.എസ്.ഭരതിനേക്കാളും മുന്‍പ് ബാറ്റ് ചെയ്യാന്‍ അക്ഷര്‍ എത്തേണ്ടതായിരുന്നു എന്നാണ് കണക്കുകള്‍ നിരത്തി ആരാധകര്‍ വാദിക്കുന്നത്. മാത്രമല്ല ഇന്‍ഡോര്‍ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി 11 വിക്കറ്റുകളാണ് ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ വീഴ്ത്തിയത്. ലിയോണിനെ കളിക്കാന്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര ഒന്നടങ്കം പ്രയാസപ്പെടുന്നു. അപ്പോഴും നഥാന്‍ ലിയോണിന് ഈ പരമ്പരയില്‍ പുറത്താക്കാന്‍ സാധിക്കാത്ത ഒരു ഇന്ത്യന്‍ താരം അക്ഷര്‍ പട്ടേലാണ്. ഇത്രയും അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും അക്ഷറിനെ അവസാനത്തേക്ക് മാറ്റിവച്ചത് എന്തൊരു മണ്ടത്തരമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍