2020ന് ശേഷം 23 ടെസ്റ്റ് മത്സരങ്ങൾ, കോലി നേടിയത് 25.70 ബാറ്റിംഗ് ശരാശരിയിൽ 1028 റൺസ് മാത്രം

വ്യാഴം, 2 മാര്‍ച്ച് 2023 (19:26 IST)
കഴിഞ്ഞ കുറച്ച് വർഷങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും മോശം ഫോമിനെ തുടർന്ന് പ്രതിസന്ധിയിലായിരുന്നു ഇന്ത്യൻ താരം വിരാട് കോലി. എന്നാൽ ഏഷ്യാക്കപ്പിൽ അഫ്ഗാനെതിരായ ടി20 ക്രിക്കറ്റിലെ സെഞ്ചുറിയോടെ ടി20യിലും തുടർന്ന് ഏകദിനത്തിലും കോലി ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ 2020 മുതൽ കാര്യമായ പ്രകടനങ്ങൾ നടത്താൻ കോലിയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
 
2020 മുതൽ 23 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 41 ഇന്നിങ്ങ്സുകളാണ് കോലി ബാറ്റ് ചെയ്തത്. ഇതിൽ നിന്നും 25.70 എന്ന ബാറ്റിംഗ് ശരാശരിയിൽ നേടാനായത് 1028 റൺസ് മാത്രം.6 തവണ അർധസെഞ്ചുറി കടന്നെങ്കിലും അതൊന്നും തന്നെ സെഞ്ചുറികളാക്കി മാറ്റാൻ കോലിക്ക് സാധിച്ചില്ല. 2019ൽ ബംഗ്ലാദേശിനെതിരെ ടെസ്റ്റിൽ നേടിയ 136 റൺസാണ് കോലിയുടെ അവസാന ടെസ്റ്റ് സെഞ്ചുറി. തുടർന്ന് 1200ഓളം ദിവസങ്ങൾ പിന്നിട്ടിട്ടും ആ ബാറ്റിൽ നിന്നും സെഞ്ചുറി അകന്നു നിൽക്കുകയാണ്.
 
അവസാന 10 ഇന്നിങ്ങ്സുകളിൽ 23,13,11,20,1,19*,24,1,12,44,20,22,13 എന്നിങ്ങനെയാണ് താരത്തിൻ്റെ സ്കോറുകൾ. ഇതിനിടയിൽ ടെസ്റ്റ് ക്രിക്കറ്റിൽ 30 റൺസിന് താഴെ 100 തവണ പുറത്താകുക എന്ന നാണക്കേടിൻ്റെ അടുത്ത് വരെ കോലിയെത്തി നിൽക്കുകയാണിപ്പോൾ.95 തവണയാണ് 30 റൺസിന് താഴെ കോലി ഔട്ടാകുന്നത്. ടെസ്റ്റിലെ മോശം ഫോം കണക്കിലെടുത്ത് കോലിയെ ടെസ്റ്റിൽ നിന്നും മാറ്റിനിർത്തണമെന്നും പല കോണിൽ നിന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍