ഓസ്ട്രേലിയയുടെ പേസ് ബോളർ റയാൻ ഹാരിസ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു
ഓസ്ട്രേലിയയുടെ പേസ് ബോളർ റയാൻ ഹാരിസ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു. തുടർച്ചയായി അലട്ടുന്ന പരുക്കുകള്‍ മൂലമാണ് റയാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്. ഇംഗ്ലണ്ടിനെതിരെ അടുത്തയാഴ്ച തുടങ്ങുന്ന ആഷസ് മത്സര കിരീടം നിലനിർത്താന്‍ ഇറങ്ങുന്ന ഓസ്ട്രേലിയയ്ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് റയാന്റെ തീരുമാനം. റയാനു പകരം പാറ്റ് കമ്മിൻസ് ആഷസ് ടീമിൽ പകരക്കാരനായി എത്തുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.
എസക്സിനെതിരെ ഇപ്പോൾ നടക്കുന്ന പരിശീലന മൽസരത്തിനിടെ നാടകീയമായിരുന്നു ഹാരിസിന്റെ വിരമിക്കൽ പ്രഖ്യാപനം. വലതു കാൽമുട്ടിലെ സ്കാനിങ്ങിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. ‘‘ റിപ്പോർട്ടിലെ വിവരങ്ങൾ അറിഞ്ഞശേഷം കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഇതാണ് ക്രിക്കറ്റിൽ നിന്നു വിട്ടുനിൽക്കാൻ അനുയോജ്യമായ സമയം എന്ന തീരുമാനത്തിലെത്തി.’’- വിരമിക്കൽ തീരുമാനത്തെക്കുറിച്ചു റയാന്‍ പറയുന്നു.