ഇന്ത്യയ്ക്ക് 288 റണ്‍സ് വിജയലക്‌ഷ്യം; സെഞ്ച്വറിയോടെ ടെയ്‌ലര്‍ക്ക് വിടവാങ്ങല്‍

ശനി, 14 മാര്‍ച്ച് 2015 (10:33 IST)
ലോകകപ്പ് ക്രിക്കറ്റിന്റെ ആറാം മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് സിംബാബ്‌വെയ്ക്ക് എതിരെ 288 റണ്‍സ് വിജയലക്‌ഷ്യം. സിംബാബ്‌വെ നായകന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ നേടിയ സെഞ്ച്വറിയാണ് സിംബാബ്‌വെയ്ക്ക് ഈ മികച്ച സ്കോര്‍ സമ്മാനിച്ചത്. ടെയ്‌ലറിന്റെ വിടവാങ്ങല്‍ മത്സരം കൂടിയായിരുന്നു ഇത്.
 
സിംബാബ്‌‌വെ 48.5 ഓവറില്‍ 287 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.
 
നേരത്തെ, ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തകര്‍ച്ചയോടെ ആയിരുന്നു സിംബാബ്‌വെ ബാറ്റിംഗ് തുടങ്ങിയത്. 33 റണ്‍സ് നേടുന്നതിനിടയില്‍ മൂന്നു വിക്കറ്റുകള്‍ നഷ്‌ടമായി. എന്നാല്‍, തുടര്‍ന്ന് എത്തിയ ടെയ്‌ലറും വില്യംസും ചേര്‍ന്നാണ് സിംബാബ്‌വെയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചെടുത്തത്. 
 
110 പന്തില്‍ 15 ബൗണ്ടറികളും അഞ്ച് സിക്സറുകളും ഉള്‍പ്പടെ 138 റണ്‍സെടുത്ത ടെയ്‌ലര്‍‍, സിംബാബ്‌വെയ്ക്കു വേണ്ടി ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡും ഇതോടെ സ്വന്തമാക്കി. എട്ടാം സെഞ്ച്വറി തികച്ച ടെയ്‌ലര്‍ ലോകകപ്പില്‍ സിംബാബ്‌വെയ്ക്ക് വേണ്ടി ഏറ്റവുമധികം റണ്‍സ്, 400 റണ്‍സ് പിന്നിടുന്ന ആദ്യ ബാറ്റ്സ്‌മാന്‍, തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി എന്നീ നേട്ടങ്ങളും കൈവരിച്ചാണ് കളംവിട്ടത്.
 
ലോകകപ്പിനുശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സിംബാബ്‌വെ നായകന്‍ ബ്രണ്ടന്‍ ടെയ്‌ലറുടെ അവസാന ഏകദിന മല്‍സരമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡ് അനുവദിക്കാത്തതിനാലാണ് ടെയ്‌ലര്‍ വിരമിക്കുന്നത്.

വെബ്ദുനിയ വായിക്കുക