സെമിപ്രവേശനം അര്‍ഹിക്കുന്നില്ല: ഗാംഗുലി

വ്യാഴം, 13 മെയ് 2010 (08:51 IST)
ട്വന്‍റി-20 ലോകകപ്പിലെ ദയനീയ തോല്‍‌വിയ്ക്കെതിരെ മുന്‍ നായകന്‍ സൌരവ് ഗാംഗുലിയും രംഗത്തെത്തി. ഇന്ത്യ സെമിപ്രവേശനം അര്‍ഹിച്ചിരുന്നില്ലെന്നാണ് ഗാംഗുലി പറഞ്ഞത്. ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം കണ്ടപ്പോള്‍ ഏറെ സങ്കടം തോന്നിയെന്നും മുന്‍ നായകന്‍ പറഞ്ഞു.

ലങ്കയ്ക്കെതിരെ നടന്ന അവസാന മത്സരത്തില്‍ അവസാന നാലു ഓവറില്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ നല്‍കിയത് 52 റണ്‍സ്. ദയനീയം തന്നെ, ഈ ടീം ഒരിക്കലും സെമിപ്രവേശം അര്‍ഹിക്കുന്നില്ല- ഗാംഗുലി പറഞ്ഞു. മിക്ക താരങ്ങളുടെയും പ്രകടനം ടീമിന് വേണ്ടിയായിരുന്നില്ല. ഈ നിലയ്ക്ക് പോയാല്‍ യുവരാജ് സിംഗിനെ നീല ജേഴ്സില്‍ കൂടുതല്‍ കാലം കാണാനാകില്ലെന്നും ഗാംഗുലി പറഞ്ഞു.

തോല്‍‌വിയില്‍ ഒഴികഴിവുകള്‍ നിരത്തി രക്ഷപ്പെടാന്‍ ധോണിയ്ക്കും സംഘത്തിനുമാവില്ലെന്ന് മുന്‍‌ ഇന്ത്യന്‍ താരങ്ങള്‍ അഭിപ്രായപ്പെട്ടു. നായകനെന്ന നിലയില്‍ ധോണിയുടെ മോശം തന്ത്രങ്ങളും ഐ പി എല്ലില്‍ കളിച്ചു തളര്‍ന്ന കളിക്കാരുമാണ് ഇന്ത്യയുടെ തോല്‍‌വിയ്ക്ക് മുഖ്യകാരണമെന്ന് മുന്‍‌കാല നായകന്‍‌മാര്‍ ഒരേസ്വരത്തില്‍ വ്യക്തമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ ഏറ്റവും മോശം ടൂര്‍ണമെന്‍റായിരുന്നു ഇതെന്ന് മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി പറഞ്ഞു.

തോല്‍വിയ്ക്ക് എന്തെങ്കിലും ഒരു കാരണം മാത്രാ‍മായി ചുണ്ടിക്കാട്ടാനാവില്ലെങ്കിലും ഇന്ത്യയുടെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നുവെന്നും രവി ശാസ്ത്രി വ്യക്തമാക്കി. നായകനെന്ന നിലയില്‍ ധോണി കുറച്ചുകൂടി വഴക്കമുള്ള സമീപനം കൈക്കൊള്ളാന്‍ തയ്യാറാവണം. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ അവസാന 10 ഓവറില്‍ വെറും 73 റണ്‍സേ ഇന്ത്യയ്ക്ക് നേടാനായുള്ളു എന്നതിന് യാതൊരു വിശദീകരണവും ഇല്ല.

ബാറ്റിംഗ് ഓര്‍ഡറില്‍ യുവരാജിനും മുന്‍പേ യൂസഫ് പത്താനെ ഇറക്കാന്‍ ധോണി ശ്രദ്ധിക്കണമായിരുന്നു. എല്ലാം സാഹചര്യങ്ങളിലും കളിക്കാന്‍ കഴിയുന്ന താരങ്ങളെ തെരഞ്ഞെടുക്കാന്‍ സെലക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നും രവി ശാസ്ത്രി പറഞ്ഞു. ഐ പി എല്‍ പാര്‍ട്ടികളും യാത്രകളും കളിക്കാരുടെ ഊര്‍ജ്ജം ചോര്‍ത്തിക്കളഞ്ഞുവെന്ന ധോണിയുടെ അഭിപ്രായത്തോട് യോജിക്കുന്നുവെങ്കിലും തോല്‍‌വിയ്ക്ക് അതൊരു വിശദീകരണമല്ലെന്ന് മുന്‍ നായകന്‍ മുഹമ്മദ് അസഹ്‌റുദ്ദീന്‍ പറഞ്ഞു.

പാര്‍ട്ടികളേക്കാള്‍ വലുത് കളിയാണെന്ന് കളിക്കാര്‍ മനസ്സിലാക്കണം. കളിക്കാരനെന്ന നിലയില്‍ ആദ്യ പരിഗണന ക്രിക്കറ്റിനായിരിക്കണമെന്നും അസ‌ഹ്ര്‍ പറഞ്ഞു. എന്നാല്‍ ധോണി നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് തോല്‍‌വിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ നായകന്‍ മദന്‍ ലാല്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയില്‍ പങ്കെടുത്തതാണ് തോല്‍‌വിയ്ക്ക് കാരണമെന്ന് ഞാന്‍ കരുതുന്നില്ല. ആരെങ്കിലും അവരെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചോ. അങ്ങിനെ നിര്‍ബന്ധിച്ചെങ്കില്‍ പറ്റില്ലെന്ന് അവര്‍ക്ക് പറയാന്‍ പാടില്ലായിരുന്നോ.

അവരത് പറയില്ലെന്ന് എനിക്കറിയാം. കാരണം ഇതെല്ലാം നിസ്സാരമായ കാര്യങ്ങളാണ്. ഇന്ത്യന്‍ താരങ്ങള്‍ ഏകാഗ്രതയോടെ കളിക്കാനോ സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാനോ ശ്രമിക്കാത്തതാണ് തോല്‍‌വിയ്ക്ക് കാരണമെന്ന് മുന്‍ ഇന്ത്യന്‍ താരം സയ്യീദ് കിര്‍മാനി പറഞ്ഞു.

വെബ്ദുനിയ വായിക്കുക