ട്വന്റി-20യില്‍ നിന്ന് വിരമിക്കുന്നതു വരെ ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കുപ്പായം മാത്രമേ അണിയൂവെന്ന് നായകന് സൌരവ് ഗാംഗുലി. അടുത്ത ഐ പി എല്ലില്‍ ഗാംഗുലി പൂനെ ടീമില്‍ കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു കൊല്‍ക്കത്തയുടെ സ്വന്തം ദാദ.
ഈ സീസണോടെ റൈഡേഴ്സുമായുള്ള ഗാംഗുലിയുടെ കരാര്‍ അവസാനിക്കും. ഈ സീസണോടെ ട്വന്റി-20യില്‍ നിന്നും വിരമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഗാംഗുലി നിഷേധിച്ചു. വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും കഴിയുന്നിടത്തോളം കളി തുടരുമെന്നും ഗാംഗുലി പറഞ്ഞു. താന്‍ കളിക്കുന്നുവെങ്കില് അത് റൈഡേഴ്സിനു വേണ്ടി മാത്രമായിരിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.
എപ്പോള്‍ വിരമിക്കണമെന്ന കാര്യം ഗാംഗുലിയാണ് തീരുമാനിക്കേണ്ടതെന്ന് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാനും പറഞ്ഞു. ഗാംഗുലിയെ പോലൊരു താരത്തോട് എപ്പോള്‍ വിരമിക്കണമെന്ന് പറയാനാവില്ല. ഗാംഗുലിയും സച്ചിനും ദ്രാവിഡും കുംബ്ലെയുമെല്ലാം ഇതിഹാസ താരങ്ങളാണ്. അവരുടെ കരിയര്‍ എപ്പോള്‍ അവസാനിപ്പിക്കണമെന്ന് അവരാണ് തീരുമാനിക്കേണ്ടത്-ഷാരൂഖ് പറഞ്ഞു.
കഴിഞ്ഞ മത്സരത്തില്‍ കിംഗ്സ് ഇലവന് പഞ്ചാബിനോട് തോറ്റെങ്കിലും റൈഡേഴ്സിന്റെ സെമി സാധ്യത അസ്തമിച്ചിട്ടില്ലെന്ന് ഗാംഗുലി പറഞ്ഞു. ഞങ്ങള്‍ക്ക് മുന്നില്‍ വാതിലുകള്‍ അടഞ്ഞിട്ടില്ല. ബൌളര്‍മാരുടെ പ്രകടനത്തില്‍ നിരാശയുണ്ടെങ്കിലും അവര്‍ അത്ര മോശക്കാരൊന്നുമല്ലെന്നും ഗാംഗുലി പറഞ്ഞു.