പേസ് ബൌളിംഗിനും പേസ് ബൌളിംഗിനെ തുണയ്ക്കുന്ന പിച്ചുകള്‍ക്കും പേരുകേട്ട വെസ്റ്റിന്‍ഡീസില്‍ നാളെ ആരംഭിക്കാനിരിക്കുന്ന ട്വന്‍റി-20 ലോകകപ്പില്‍ അരങ്ങുവാഴുക സ്പിന്നര്‍മാരായിരിക്കുമെന്ന് റിപ്പോര്‍ട്ട്. അതിവേഗ പിച്ചുകള്‍ ഇന്ന് വിന്‍ഡീസുകാരുടെ പോലും ഓര്‍മയിലില്ല. വെസ്റ്റിന്‍ഡീസിലെ പിച്ചുകളുടെ വേഗം കാലം കഴിയും തോറും കുറഞ്ഞുവരികയാണെന്ന് മുന്‍ പാകിസ്ഥാന്‍ നായകന്‍ വസീം അക്രം പറഞ്ഞു.
ഇന്ത്യയ്ക്കും പാകിസ്ഥാനുമാണ് ഇതിന്‍റെ ഗുണം ലഭിക്കുകയെന്നും അക്രം പറഞ്ഞു. സയ്യിദ് അജ്‌മലും അബ്ദുള്‍ റെഹ്‌മാനുമാണ് പാക് നിരയിലെ സ്പെഷലിസ്റ്റ് സ്പിന്നര്‍മാര്‍. ഇന്ത്യന്‍ നിരയില്‍ ഹര്‍ഭജന്‍ സിംഗും പിയൂഷ് ചൌളയുമുണ്ട്. ഇതിനു പുറമെ പാകിസ്ഥാന് നായകന്‍ ഷഹീദ് അഫ്രീദിയുടേയും ഇന്ത്യയ്ക്ക് യുവരാജ് സിംഗ് സുരേഷ് റെയ്ന, യൂസഫ് പത്താന്‍ എന്നിവരുടെയും സ്പിന്‍ ബൌളിംഗിനെ ആശ്രയിക്കാനാവും.
ഇത് ഇന്ത്യയ്ക്കും പാകിസ്ഥാനും നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ടെന്ന് വസീം അക്രം പറഞ്ഞു. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളെ അപേക്ഷിച്ച് ഇന്ത്യയുടെയും പകിസ്ഥാന്‍റെയും താരങ്ങളായിരിക്കും സാഹചര്യങ്ങളുമായി പെട്ടെന്ന് പൊരുത്തപ്പെടുകയെന്ന് മുന്‍ പാക് നായകന്‍ റമീസ് രാജയും പറഞ്ഞു.
ശക്തമായ സ്പിന്‍ ആക്രമണവും ധോണിയുടെ മികച്ച നായകത്വവും ചേരുമ്പോള്‍ ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡും വ്യക്തമാക്കി. 16 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റിന് നാളെയാണ് തുടക്കമാവുന്നത്. അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പില്‍.