ലീ ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നു

ചൊവ്വ, 23 ഫെബ്രുവരി 2010 (13:12 IST)
PRO
ഓസ്ട്രലിയന്‍ പേസ് ബൌളര്‍ ബ്രെറ്റ് ലീ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഏകദിന, ട്വന്‍റി-20 മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നാനായാണ് ലീ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നത്. നാളെ സിഡ്നിയില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ വിളിച്ചിരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍‌വെച്ച് ലീ തന്‍റെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സിഡ്നിംഗ് മോര്‍ണിംഗ് ഹെറാള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇംഗ്ലണ്ട് താരം ആന്‍ഡ്ര്യു ഫ്ലിന്‍റോഫ്, ന്യൂസിലന്‍ഡ് താരം ജേക്കബ് ഓറം എന്നിവരുടെ പാത പിന്തുടര്‍ന്നാണ് ലീയും ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നത്. ഫ്ലിന്‍റോഫുമായുള്ള കൂടിക്കാഴ്ചയാണ് ലീയുടെ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്നും സൂചനയുണ്ട്. പരുക്ക് മൂലം ഏറെനാളായി ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്ന 33 കാരനായ ലീ ഓസ്ട്രേലിയയ്ക്ക് വേണ്ടി എറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയ നാലാമത്തെ ബൌളറാണ്.

76 ടെസ്റ്റില്‍ നിന്ന് 310 വിക്കറ്റാണ് ലീയുടെ സമ്പാദ്യം. 1999ലയിരുന്നു ലീ ഓസ്ട്രേലിയക്കായി അരങ്ങേറ്റം കുറിച്ചത്. ആരംഭകാലത്ത് ലോകത്തെ ഏറ്റവും വേഗതയേറിയ ബൌളറെന്ന ബഹുമതിയ്ക്കുടമയായിരുന്ന ലീ തുടര്‍ച്ചയായ പരുക്കുകളെ പിന്നീടദ്ദേഹം പന്തിന്‍റെ വേഗത കുറച്ചിരുന്നു.

2005ല്‍ 160.8 കിമീ വേഗതയില്‍ പന്തെറിഞ്ഞ് ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ ഓസീസ് താരമെന്ന ബഹുമതിയും ലീ സ്വന്തമാക്കിയിരുന്നു. പരുക്കിനെ തുടര്‍ന്ന് 2008ലെ ബോക്സിംഗ് ഡേ ടെസ്റ്റിനു ശേഷം ലീ ഇതുവരെ ടെസ്റ്റ് കളിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക