ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് ഐപിഎല്ലിനിടയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്നും മടങ്ങിയേക്കും. ദ്രാവിഡിന്‍റെ ഭാര്യ വിജേത രണ്ടാമത്തെ കുഞ്ഞിന് അടുത്ത ദിവസങ്ങളില്‍ ജന്‍മം നല്‍കാനിരിക്കുകയാണ്. ഇതിനായിട്ടാണ് മിസ്റ്റര്‍ കൂള്‍ ടൂര്‍ണ്ണമെന്‍റ് മുഴുമിക്കാതെ മടങ്ങാനൊരുങ്ങുന്നത്.
അതേസമയം, ടീം ഉടമ വിജയ് മല്യയുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാഹുലിന്‍റെ തീരുമാനത്തിന് പിന്നിലെന്ന് വാര്‍ത്തയുണ്ട്. ദ്രാവിഡിനെ ഒഴിവാക്കി കെവിന്‍ പീറ്റേഴ്സണെ ടീമിന്‍റെ നായകസ്ഥാനം ഏല്‍പിച്ചത് മുതല്‍ ഇരുവരും തമ്മിലുള്ള ബന്ധം വീണ്ടും വഷളായിരുന്നു. എന്നാല്‍ മടക്കത്തെക്കുറിച്ച് ദ്രാവിഡിന്‍റെ ഭാഗത്തുനിന്നും പ്രതികരണമൊന്നുമുണ്ടായിട്ടില്ല.
ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടും മുമ്പ് തന്നെ മുഴുവന്‍ സമയവും തനിക്ക് ടീമിനൊപ്പം നില്‍ക്കാനാകില്ലെന്ന് ദ്രാവിഡ് മാനേജ്മെന്‍റിനെ അറിയിച്ചിരുന്നു. ഐപിഎല്‍ രണ്ടാം സെക്ഷനില്‍ ചലഞ്ചേഴ്സ് നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരമാണ് ദ്രാവിഡ്. ആദ്യ മത്സരത്തില്‍ തന്നെ ദ്രാവിഡ് അര്‍ദ്ധസെഞ്ച്വറി നേടിയിരുന്നു.