ഏഷ്യാ കപ്പ്: പാകിസ്ഥാന്‍ വീണ്ടും ഒത്തുകളി വിവാദത്തില്‍

ബുധന്‍, 16 ജൂണ്‍ 2010 (14:36 IST)
PRO
ഒത്തുകളി ഭൂതം പാകിസ്ഥാനെ വിടുന്ന ലക്ഷണമില്ല. ഏഷ്യാ കപ്പിലും അത് പാകിസ്ഥാന്‍റെ പുറകെ തന്നെയുണ്ട്. ഇന്നലെ ശ്രീലങ്കയ്ക്കെതിരായ പാകിസ്ഥാന്‍റെ ആദ്യമത്സരമാണ് ഇപ്പോള്‍ ഒത്തുകളിയുടെ നിഴലിലായിരിക്കുന്നത്. ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി ഒറ്റയാന്‍ പോരാട്ടം നടത്തിയിട്ടും മത്സരത്തില്‍ പാകിസ്ഥാന്‍ 16 റണ്‍സിന് തോറ്റിരുന്നു.

പാകിസ്ഥാന്‍ ബാറ്റ് ചെയ്യുന്നതിനിടെ ഫാസ്റ്റ് ബൌളര്‍ മുഹമ്മദ് അമീര്‍ ഡ്രസ്സിംഗ് റൂമില്‍‌വെച്ച് മൊബൈല്‍ ഫോണില്‍ സംസാരിച്ചതാണ് പുതിയ വിവാദങ്ങളുടെ തുടക്കം. ടീം മാനേജരൊഴികെ മറ്റാരും ഡ്രസ്സിംഗ് റൂമില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ലാ എന്ന് ഐ സി സിയുടെ കര്‍ശന നിര്‍ദേശമുണ്ട്. ഇത് ലംഘിച്ചായിരുന്നു പാക് യുവതാരം മൊബൈലില്‍ സംസാരിച്ചത്.

ഇതിനുശേഷം മത്സരത്തില്‍ 10 ഓവറോളം ശേഷിക്കെ പാകിസ്ഥാന് ജയിക്കാന്‍ 43 വേണ്ടപ്പോള്‍ ക്രീസിലെത്തിയ അമീര്‍ 14 പന്തില്‍ അഞ്ചു റണ്‍സ് മാത്രമെടുത്ത് മലിംഗയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയും ചെയ്തു. ഇതാണ് സംശയം വര്‍ധിപ്പിച്ചത്. മികച്ച രീതിയില്‍ കളിച്ചിരുന്ന അബ്ദുള്‍ റസാഖിന് സ്ട്രൈക് നല്‍കി കളിച്ചിരുന്നെകില്‍ പാകിസ്ഥാന് വിജയം അപ്രാപ്യമല്ലായിരുന്നു.

പാക് ബാറ്റ്‌സ്മാന്‍മാരെല്ലാം മടങ്ങുമ്പോഴും മൂന്ന് ഓവറുകള്‍ ബാക്കി ഉണ്ടായിരുന്നു. 26 റണ്‍സെടുത്ത അബ്ദുള്‍ റസാ‍ഖ് പുറത്താവാതെ നില്‍ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നടത്തിയ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയും പാക് ടീമിനെതിരെ ഒത്തുകളി ആരോപണമുയര്‍ന്നിരുന്നു.

വെബ്ദുനിയ വായിക്കുക