അദ്ഭുതങ്ങളില്ല; ടീം ഇന്ത്യ തകര്‍ന്നടിയുന്നു

വെള്ളി, 27 ജനുവരി 2012 (13:04 IST)
PRO
PRO
ഓസീസിനെതിരായ നാലാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ടീം ഇന്ത്യ പരാജയത്തിലേക്ക്. ഓസ്ട്രേലിയ ഉയര്‍ത്തിയ 500 റണ്‍സിന്റെ വിജയലക്‍ഷ്യം പിന്തുടരുന്ന ടീം ഇന്ത്യ നാലാം ദിവസം മത്സരം അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് എന്ന നിലയിലാണ്. ഒരു ദിവസവും നാല് വിക്കറ്റുകളും ശേഷിക്കേ പരാജയം ഒഴിവാക്കാന്‍ ടീം ഇന്ത്യക്ക് ഇനിയും 334 റണ്‍സ് വേണം. ഇഷാന്ത് ശര്‍മ്മയും വൃദ്ധിമാന്‍ സാഹയുമാണ് ക്രീസില്‍.

ഇരുപത്തിരണ്ട് റണ്‍സെടുത്ത വിരാട് കോഹ്‌ലിയെയാണ് ടീം ഇന്ത്യക്ക് ഏറ്റവും ഒടുവില്‍ നഷ്ടമായത്. കോഹ്‌ലി റണ്‍ ഔട്ട് ആകുകയായിരുന്നു.

ദ്രാവിഡ് 25 റണ്‍സ് എടുത്തു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 13 റണ്‍സ് എടുത്ത് പുറത്തായി. സച്ചിന് പകരമായി ക്രീസിലെത്തിയ വി വി എസ് ലക്ഷ്മണ്‍ 35 റണ്‍സ് എടുത്ത് പുറത്തായി.

മൂന്ന് റണ്‍സ് മാത്രമെടുത്ത് ഓപ്പണര്‍ ഗംഭീര്‍ തുടക്കത്തിലേ പുറത്തായെങ്കിലും സെവാഗ് ഇന്ന് മികച്ച രീതിയിലായിരുന്നു ബാറ്റ് വീശിയത്. 36 പന്തുകളില്‍ നിന്ന് സെവാഗ് അര്‍ദ്ധ സെഞ്ച്വറി നേടി. തുടര്‍ച്ചയായി രണ്ടുതവണ ബൌണ്ടറികള്‍ പായിച്ചാണ് സെവാഗ് അര്‍ദ്ധ സെഞ്ച്വറിയിലെത്തിയത്. എന്നാല്‍ 53 പന്തുകളില്‍ നിന്ന് 12 ബൌണ്ടറികള്‍ ഉള്‍പ്പടെ 62 റണ്‍സ് എന്ന നിലയിലായിരിക്കേ സെവാഗിനെ ലിയോണ്‍ പുറത്താക്കി.

നേരത്തെ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് അഞ്ച് വിക്കറ്റുകളുടെ നഷ്ടത്തില്‍ 167 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയക്ക് 332 റണ്‍സ് ലീഡ് ഉണ്ടായിരുന്നു.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് എന്ന നിലയിലാണ് ഓസ്ട്രേലിയ നാലാം ദിവസം മത്സരം പുന:രാരംഭിച്ചത്. വാര്‍ണര്‍ (28), കോവന്‍ (10), മാര്‍ഷ് എന്നിവരാണ് മൂന്നാം ദിവസം പുറത്തായത്. വാര്‍ണറെയും കോവനെയും അശ്വിന്‍ പുറത്താക്കിയപ്പോള്‍ മാര്‍ഷിനെ സഹീര്‍ ഖാന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. നാലാം ദിവസം ക്ലാര്‍ക്ക് (35), ഹസ്സി (15) എന്നിവരെയാണ് ടീം ഇന്ത്യ പുറത്താക്കിയത്. ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 60 റണ്‍സുമായി പോണ്ടിംഗും 11 റണ്‍സുമായി ഹഡിനുമായിരുന്നു ക്രീസില്‍.

ആദ്യ ഇന്നിംഗ്സില്‍ ടീം ഇന്ത്യ 272 റണ്‍സിനാണ് പുറത്തായത്. വിരാട് കോഹ്‌ലി സെഞ്ച്വറി നേടിയത് മാത്രമാണ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിന്റെ സവിശേഷത. 213 പന്തുകളില്‍ നിന്ന് 11 ഫോറുകളും ഒരു സിക്സറും ഉള്‍പ്പടെ കോഹ്‌ലി 116 റണ്‍സ് നേടി.

രണ്ടാം ദിവസം മത്സരം അവസാനിപ്പിക്കുമ്പോള്‍ ടീം ഇന്ത്യ രണ്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ 61 റണ്‍സ് എന്ന നിലയിലായിരുന്നു. 30 റണ്‍സെടുത്ത ഗൗതം ഗംഭീറും 12 റണ്‍സെടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കറുമായിരുന്നു ക്രീസില്‍. എന്നാല്‍ മൂന്നാം ദിവസം മത്സരം ആരംഭിച്ച് അധികം വൈകാതെ തന്നെ ഇരുവരും പുറത്തായി. ഗംഭീറിന് നാല് റണ്‍സ് മാത്രമാണ് ഇന്ന് നേടാനായത്. സച്ചിന്‍ ഇന്ന് 13 റണ്‍സ് മാത്രമാണ് നേടിയത്. വി വി എസ് ലക്ഷ്‌മണ്‍ 18 റണ്‍സ് എടുത്ത് പുറത്തായി.

പിന്നീട് വിരാട് കോഹ്‌ലിയുടെയും വൃദ്ധിമാന്‍ സാഹയുടെയും പ്രകടനമാണ് ടീം ഇന്ത്യക്ക് സഹായകരമായത്. സാഹയ്ക്ക് 35 റണ്‍സ് മാത്രമേ എടുക്കാനുയുള്ളൂവെങ്കിലും വിരാട് കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കാനായി. എന്നാല്‍ പിന്നീട് വന്ന അശ്വിന്‍ (5), സഹീര്‍ ഖാന്‍ (0), ഇഷാന്ത് ശര്‍മ്മ (16) എന്നിവര്‍ പെട്ടെന്നുതന്നെ പവലിനിലേക്ക് മടങ്ങി. ഉമേഷ് യാദവ് (0) പുറത്താകാതെ നിന്നു.

ഇരുപത്തിയൊന്ന് പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്ത സെവാഗും ഒരു റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡും ഒന്നാം ഇന്നിംഗ്സിന്റെ തുടക്കത്തിലേ പുറത്തായിരുന്നു.

ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ ഏഴ് വിക്കറ്റുകളുടെ നഷ്ടത്തില്‍ 604 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. പോണ്ടിംഗിന്റെയും (221) ക്ലാര്‍ക്കിന്റെയും (210) ഡബിള്‍ സെഞ്ച്വറി പ്രകടനത്തിന്റെ പിന്‍‌ബലത്തിലാണ് ഓസ്ട്രേലിയ മികച്ച സ്കോര്‍ നേടിയത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ടേലിയയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. കോവന്‍ (30) ‍, വാര്‍ണര്‍ (8), മാര്‍ഷ് (3) എന്നിങ്ങനെ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍‌മാര്‍ പുറത്തായി. എന്നാല്‍ പിന്നീട് പോണ്ടിംഗും ക്ലാര്‍ക്കും ചേര്‍ന്ന് ഓസ്ട്രേലിയയെ കരകയറ്റുകയായിരുന്നു.

കോവനെയും മാര്‍ഷിനെയും അശ്വിന്‍ പുറത്താക്കിയപ്പോള്‍ വാര്‍ണറെ സഹീര്‍ ഖാന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. സിഡിലിന്റെ വിക്കറ്റും സ്വന്തമാക്കിയത് അശ്വിനാണ്. പോണ്ടിംഗിനെ സഹീര്‍ ഖാന്‍ പുറത്താക്കിയപ്പോള്‍ ക്ലാര്‍ക്കിന്റെ വിക്കറ്റ് ഉമേഷ് യാദവ് സ്വന്തമാക്കി. ഹസ്സി റണ്‍ ഔട്ട് ആയി.

വെബ്ദുനിയ വായിക്കുക