ഒരിക്കല്‍ കോവിഡ് വന്നു ഭേദമായവരില്‍ ഒമിക്രോണ്‍ വകഭേദം വീണ്ടും വരാന്‍ സാധ്യത കൂടുതലാണെന്ന് പഠനം. ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളേക്കാള്‍ റീ-ഇന്‍ഫെക്ഷന്‍ റേറ്റ് ഒമിക്രോണിന് കൂടുതല്‍ ആണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച്, മനുഷ്യന്റെ പ്രതിരോധശേഷി മറികടക്കാനുള്ള ഒമിക്രോണിന്റെ കഴിവിനെക്കുറിച്ചും പഠനത്തില്‍ പരാമര്‍ശമുണ്ട്. ഒരു മെഡിക്കല്‍ പ്രീപ്രിന്റ് സെര്‍വറില്‍ അപ്ലോഡ് ചെയ്യപ്പെട്ട പഠന റിപ്പോര്‍ട്ട് ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. ഒമിക്രോണ്‍ വകഭേദത്തിനെതിരെ വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാണെന്ന് അറിയാന്‍ പഠനങ്ങള്‍ നടക്കുന്നുണ്ട്.
അതേസമയം, ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരുമെന്നാണ് നിലവിലെ പഠനങ്ങളിലെ സൂചനയെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കോവിഡ് വിദഗ്ധസമിതി സര്‍ക്കാരിനു നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനിതക ശ്രേണീകരണത്തിന് അയയ്ക്കുന്ന സാംപിളുകളുടെ എണ്ണം വര്‍ധിപ്പിക്കണം. മൂന്നാം ഡോസ് വാക്സിനേഷന്‍ ആലോചന തുടങ്ങണമെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു. വ്യാപനശേഷി വ്യക്തമാക്കുന്നത് വായുവിലൂടെ അതിവേഗം പകരാനുളള സാധ്യതയാണെന്ന് കോവിഡ് വിദഗ്ധസമിതി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. മാസ്‌ക് ഉപയോഗം കര്‍ശനമാക്കണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. ഓഫീസുകളിലും ചടങ്ങുകളിലും തുറന്ന സ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.