സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ശ്രീനു എസ്

വ്യാഴം, 22 ഏപ്രില്‍ 2021 (13:12 IST)
സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്സിനേഷന്‍ പോളിസി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കയാണ്. അതു പ്രകാരം വാക്സിന്‍ ഉത്പാദകര്‍ 50 ശതമാനം വാക്സിന്‍ മാത്രം കേന്ദ്ര സര്‍ക്കാരിനു നല്‍കിയാല്‍ മതി. ബാക്കി അമ്പത് ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കും പൊതു വിപണിയിലേക്കുമായി മാറ്റിവയ്ക്കുന്നത്. നിര്‍മാതാക്കളില്‍ നിന്ന് വിലകൊടുത്തു വാങ്ങാനാണ് സംസ്ഥാനങ്ങളോട് പറഞ്ഞിട്ടുള്ളത്. കോവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ വലിയ സാമ്പത്തികബാധ്യത നേരിടുകയാണ്.
 
സാമ്പത്തികമാന്ദ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അധികബാധ്യത വലിയ പ്രയാസം ഉണ്ടാക്കും. ആരോഗ്യപരിപാലനം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ചുമതലയാണ്. അത് നിറവേറ്റുന്നതിനു സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ക്വാട്ട ഉറപ്പാക്കുകയും മഹാമാരിയുടെ സാഹചര്യത്തില്‍ അത് സൗജന്യമായി നല്‍കുകയും വേണം. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് നീങ്ങേണ്ടതുണ്ട്. ഇക്കാര്യം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍