കോവിഡ് രോഗം മൂര്‍ച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കോവിഡ് മരണത്തിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയുള്ളു. കോവിഡ് മരണത്തില്‍ ശാസ്ത്രീയമായ ഓഡിറ്റാണ് കേരളം അവലംബിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. ഇക്കാര്യത്തില്‍ സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് യൂണിറ്റ്, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ്, ഇന്‍സ്റ്റിറ്റിയൂഷന്‍ മെഡിക്കല്‍ ബോര്‍ഡ്, സ്റ്റേറ്റ് പ്രിവന്‍ഷന്‍ ഓഫ് എപ്പിഡമിക് ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് സെല്‍ എന്നിവരുടെ അംഗങ്ങളടങ്ങുന്ന ഡെത്ത് ഓഡിറ്റ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പ്രാഥമിക പരിശോധനയില്‍ കോവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന ഉടനെ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തില്ല. കോവിഡ് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ലഭ്യമാകുമ്പോള്‍ മാത്രമേ കോവിഡ് മരണമായി കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. കോവിഡ് ബാധിച്ച ഒരാള്‍ മുങ്ങിമരണം, ആത്മഹത്യ, അപകടം എന്നിവയിലൂടെ മരണമടഞ്ഞാല്‍ അതിനെ കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തില്ല. കോവിഡില്‍ നിന്നും മുക്തി നേടിതിന് ശേഷമാണ് മരിക്കുന്നതെങ്കില്‍ അത് കോവിഡ് മരണമായി കണക്കാക്കില്ല.