കുഴലപ്പത്തില്‍ ഉള്ളി ചേര്‍ത്താല്‍ രുചി കൂടും; ഉണ്ടാക്കേണ്ടത് ഇങ്ങനെ

വ്യാഴം, 3 ജൂണ്‍ 2021 (10:40 IST)
ഉള്ളി ചേര്‍ത്ത് കുഴലപ്പം ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? സാധാരണ കുഴലപ്പത്തേക്കാള്‍ രുചി കൂടുതലായിരിക്കും ഇതിന്. വറുത്ത അരിപ്പൊടി ഉപയോഗിച്ചാണ് മലയാളികള്‍ തങ്ങളുടെ ഇഷ്ടവിഭവമായ കുഴലപ്പം ഉണ്ടാക്കുന്നത്. മധുരത്തോടെയും മധുരമില്ലാതെയും കുഴലപ്പം ഉണ്ടാക്കാം. മധുരം നല്‍കുന്നതിന് വറുത്തെടുത്ത ശേഷം പഞ്ചസാര ലായനിയില്‍ മുക്കിയാല്‍ മതി. മധുരമില്ലാത്ത കുഴലപ്പത്തിനാണ് പൊതുവെ ആരാധകര്‍ കൂടുതല്‍. 
 
ഉള്ളിയും തേങ്ങയും വെളുത്തുള്ളിയും ചേര്‍ത്ത് രുചികരമായ രീതിയില്‍ കുഴലപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാമോ? അരിപ്പൊടി, തേങ്ങ, ഉള്ളി, വെളുത്തുള്ളി, ജീരകം, ഏലക്ക, എള്ള്, ഉപ്പ്, പഞ്ചസാര എന്നിവയാണ് കുഴലപ്പം തയ്യാറാക്കാന്‍ വേണ്ടത്. 
 
തേങ്ങാപ്പീര, ഉള്ളി, വെളുത്തുള്ളി, ഏലക്ക, എന്നിവ അരച്ച മിശ്രിതം ആദ്യം തയ്യാറാക്കുക. ഈ മിശ്രിതം വറുത്ത അരിപ്പൊടിയുമായി പാകത്തിന് ഉപ്പും ചേര്‍ത്ത് കുഴച്ചെടുക്കണം. ഈ മാവില്‍ ജീരകവും എള്ളും ചേര്‍ക്കും. മാവ് ചെറിയ ഭാഗങ്ങളാക്കി ചപ്പാത്തിപോലെ പരത്തി എടുക്കുന്നു. ശേഷം ഇതിന്റെ രണ്ടറ്റവും യോജിപ്പിച്ച് കുഴല്‍ രൂപത്തിലാക്കും. ഈ കുഴല്‍ തിളക്കുന്ന എണ്ണയില്‍ വറുത്തെടുത്താല്‍ രുചികരമായ കുഴലപ്പം തയ്യാര്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍