അസ്പര്‍ശ്യന്‍

ചൊവ്വ, 24 സെപ്‌റ്റംബര്‍ 2013 (21:16 IST)
PRO
അറിയാതെ തീണ്ടിയ എന്‍റെ
കുഞ്ഞുപുറം പിളര്‍ത്തി ചോരകുടിച്ച
ചാട്ടവാറിന്‍റെ നീറ്റല്‍...
എന്നെ സ്പര്‍ശഭയത്തിന്‍റെ
അളവുകോല്‍ പഠിപ്പിച്ച ആദ്യപാഠം
എന്‍റെ കഞ്ഞിപ്പാത്രം
മണല്‍ക്കുഴിയിലെ ഇലച്ചെപ്പ്
പാലുവിങ്ങിയ നെഞ്ചിന്‍റെ
തേങ്ങലെന്‍ താരാട്ട്
ഞാറ്റടിപ്പാട്ടിന്‍റെ താളമെന്‍
മാതൃഹൃദയത്തുടിപ്പ്
എഴുത്തോലയില്ലാത്ത
എഴുത്താണിയില്ലാത്ത
വായ്മൊഴിച്ചിന്തുതാനെന്നറിവ്

എന്‍റെ വേര്‍‌വിന്‍റെ ഉപ്പിനാല്‍
നനയുന്ന മണ്ണേ തരുന്നതീ
ഒന്നിനുപത്തായ വിളവിന്‍റെ കനിവ്
ഒരു നിലവിളക്ക്
ഒരു ചേല
വിറയാര്‍ന്നേറ്റുവാങ്ങിപിടയുന്ന കണ്ണേ
നിന്‍റെ കണ്ണിലെ കനവെന്‍റെ കണ്ണിന്‍റെ കണ്ണ്

ഉള്ള് നീറിയറിയുന്നു ഞാന്‍
നീയെന്‍റെ കൂട്ട്
നീയീ അസ്പര്‍ശ്യന്
സ്നേഹവരമേകുന്ന കനിവ്
ഇരുളിന്‍ മാറുപിളര്‍ത്തിയ തീപ്പന്തം
ഹൃദയം പിളര്‍ത്തിയ കല്‍പ്പന
ശിരസറ്റുപ്പൊകട്ടെ പക്ഷേ
നമിക്കില്ല ഞാനേതു
ധാര്‍ഷ്ഠ്യത്തിന്‍ മുന്നിലും
ഇല്ല, പങ്കുവയ്ക്കില്ല ഞാനെന്‍
കണ്ണിന്‍റെ കണ്ണിനെ
കരളിന്‍റെ കനവിനെ
ഇല്ലെനിക്ക് വേണ്ട, ഈ നാട്
ജന്‍‌മിതന്‍ എച്ചിലില്‍ ഉരുളുന്ന പുണ്യവും...

കണ്ണേ... വരികെന്‍ കരം പിടിക്ക
നമുക്കീ നാടുതാണ്ടാം
ആയിരം സൂര്യതപമൊക്കുമീ
പ്രണയതപം കണ്ണിന്‍ വെളിവാക്കി
ഈ കാടുതാണ്ടാം
പെണ്ണേ... പുതിയ നാടുതേടാം
അവിടെ മനുഷ്യനെ മനുഷ്യനായ്
കാണുന്ന കൂട്ടത്തിനൊപ്പമാകാം...

വെബ്ദുനിയ വായിക്കുക