Who is P.K.Rosy: പി.കെ.റോസിക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍; മലയാള സിനിമയുടെ ആദ്യ നായികയെ കുറിച്ച് അറിയേണ്ടതെല്ലാം

വെള്ളി, 10 ഫെബ്രുവരി 2023 (09:46 IST)
P.K.Rosy in Google Doodle: മലയാള സിനിമയിലെ ആദ്യ നായികയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍. പി.കെ.റോസിക്ക് ആദരമര്‍പ്പിച്ചാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍. റോസിയുടെ 120-ാം ജന്മവാര്‍ഷികമാണ് ഇന്ന്. 
 
1903 ഫെബ്രുവരി 10 നാണ് പി.കെ.റോസിയുടെ ജനനം. രാജമ്മ എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. സ്ത്രീകള്‍ വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും നേരിട്ടിരുന്ന സമയത്ത് സധൈര്യം മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച നടിയാണ് റോസി. ആദ്യ മലയാള ചലച്ചിത്രമായ വിഗതകുമാരനിലൂടെയാണ് റോസി അഭിനയരംഗത്തേക്ക് എത്തിയത്. മലയാള സിനിമാ ചരിത്രത്തിലെ ആദ്യ നായികയായ ദലിത് ക്രിസ്ത്യന്‍ വനിത കൂടിയാണ് പി.കെ.റോസി. 
 
സരോജം എന്ന നായികാ കഥാപാത്രത്തെയാണ് വിഗതകുമാരനില്‍ റോസി അവതരിപ്പിച്ചത്. 1928 ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. രചന, സംവിധാനം, നിര്‍മാണം എന്നിവ നിര്‍വഹിച്ചതും വിഗതകുമാരനില്‍ നായകനായി എത്തിയതും ജെ.സി.ഡാനിയേല്‍ ആണ്. 
 
1930 നവംബര്‍ ഏഴിന് തിരുവനന്തപുരം കാപിറ്റോള്‍ തിയറ്ററിലായിരുന്നു വിഗതകുമാരന്റെ ആദ്യ പ്രദര്‍ശനം. സിനിമയില്‍ സവര്‍ണ കഥാപാത്രമായി കീഴ്ജാതിക്കാരിയായ റോസി അവതരിപ്പച്ചത് സമൂഹത്തിലെ മേലാളന്‍മാരെ വല്ലാതെ പ്രകോപിപ്പിച്ചു. റോസി അഭിനയിച്ച രംഗങ്ങളെ കാണികള്‍ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. കാണികള്‍ സിനിമ പ്രദര്‍ശിപ്പിച്ച സ്‌ക്രീന്‍ കുത്തിക്കീറുകയും റോസിയെ പരസ്യമായി വസ്ത്രാക്ഷേപം നടത്തുകയും ചെയ്തു. 1988 ലാണ് റോസി മരിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍