Shine Tom Chacko: 'മാറ്റിയെടുക്കാൻ ഞാൻ കുറെ ട്രൈ ചെയ്തതാണ്, ചേട്ടന്റെ മാറ്റത്തിൽ സന്തോഷമുണ്ട്': തനൂജ

നിഹാരിക കെ.എസ്

ബുധന്‍, 16 ജൂലൈ 2025 (08:54 IST)
നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ഇപ്പോഴുള്ള മാറ്റം അദ്ദേഹത്തിന്റെ ആരാധകർ ഏറെ ആഗ്രഹിച്ചതാണ്. സൂത്രവാക്യം സിനിമയുടെ പ്രൊമോഷനുവേണ്ടി അദ്ദേഹം നൽകിയ പത്രസമ്മേളനങ്ങളിൽ ഷൈന്റെ മാറ്റം വ്യക്തമാണ്. ലഹരിയുടെ പിടിയിലായതോടെ അഭിനയത്തിലും എന്തിന് ശബ്ദത്തിൽ പോലും അത് പ്രതിഫലിച്ച് തുടങ്ങിയിരുന്നു. ഷൈന്റെ ഇപ്പോഴത്തെ മാറ്റത്തിന് പരോക്ഷമായിട്ടാണെങ്കിലും നടി വിൻസി അലോഷ്യസ് ഒരു കാരണമാണ്. 
 
വിന്സിയുടെ വെളിപ്പെടുത്തലിന് ശേഷം ലഹരിയിൽ നിന്നും പൂർണ്ണ വിമുക്തി നേടാനുള്ള ചിന്ത ഉദിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അതിനുള്ള ചികിത്സയിലാണ് നടൻ. അച്ഛന്റെ അപ്രതീക്ഷിത വേർപാടും നടനിൽ പോസിറ്റീവ് ചിന്തകൾ ഉണർത്തി. എല്ലാ ലഹരി വസ്തുക്കളും പൂർണ്ണമായും താരം ഉപേക്ഷിച്ച് കഴിഞ്ഞു. സിനിമ മാത്രമാണ് ഇപ്പോൾ തന്റെ ലഹരി എന്നാണ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞത്.
 
ഇപ്പോഴിതാ ഷൈനിനെ കുറിച്ച് മുൻ കാമുകിയും മോഡലുമായ തനൂജ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അടുത്തിടെ ഷൈനും കുടുംബവും സഞ്ചരിച്ചിരുന്ന കാർ മറി‍ഞ്ഞ് നടന്റെ പിതാവ് ചാക്കോ മരിച്ചിരുന്നു. ഷൈനിനും അമ്മയ്ക്കും പരിക്കേറ്റു. നടൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ പോയി കണ്ടിരുന്നുവെന്ന് തനൂജ പറയുന്നു. ഷൈന് ഇപ്പോൾ വന്നിരിക്കുന്ന ഈ മാറ്റം താൻ ഒരുപാട് ആഗ്രഹിച്ചിരുന്നതാണെന്നും അതിൽ സന്തോഷമുണ്ടെന്നും തനൂജ പറയുന്നു. 
 
'ഷൈൻ ചേട്ടനെ ഞാൻ പോയി കണ്ടിരുന്നു. ആശുപത്രിയിൽ പോയാണ് കണ്ടത്. ഡാഡിയേയും പോയി കണ്ടിരുന്നു. മറ്റെല്ലാവരേയും കണ്ടിരുന്നു. തൃശൂർ ആശുപത്രിയിൽ ആയിരുന്നു അവർ അന്ന് ചികിത്സയിൽ കഴിഞ്ഞിരുന്നത്.

പോയി കണ്ടപ്പോൾ സത്യത്തിൽ എനിക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ലായിരുന്നു. കുറച്ച് സമയം അവിടെ ഇരുന്നു. സംസാരിച്ചു. തിരിച്ച് പോന്നു. ചേട്ടന് ഇപ്പോൾ വന്ന മാറ്റം ഞാൻ ഒരുപാട് ആ​ഗ്രഹിച്ചിരുന്നതാണ്. അത്തരത്തിലേക്ക് ഇപ്പോൾ മാറിയതിൽ എനിക്ക് ഭയങ്കര സന്തോഷമുണ്ട്. മാറ്റിയെടുക്കാൻ ഞാൻ കുറേ ട്രൈ ചെയ്തതാണ്', തനൂജ പറയുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍