'പീഡനം നടന്ന ദിവസം സിദ്ധിഖ് കഴിച്ചത് ചോറും മീന്‍ കറിയും തൈരും'; പരാതിക്കാരിയുടെ മൊഴി ശരിവയ്ക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന്

രേണുക വേണു

തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (08:10 IST)
നടന്‍ സിദ്ധിഖിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ അന്വേഷണ സംഘത്തിനു കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി സൂചന. പരാതിക്കാരിയുടെ മൊഴി ശരിവയ്ക്കുന്ന തരത്തിലുള്ള തെളിവുകളാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്നത്. 2016 ജനുവരി 28 ന് മസ്‌കറ്റ് ഹോട്ടലിലെ 101 ഡി നമ്പര്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി. 
 
പീഡനം നടന്ന മുറിയിലെ ഗ്ലാസ് ജനലിന്റെ കര്‍ട്ടന്‍ മാറ്റി പുറത്തേക്കു നോക്കിയാല്‍ സ്വിമ്മിങ് പൂള്‍ കാണാമെന്ന് യുവതി പറഞ്ഞിരുന്നു. തെളിവെടുപ്പില്‍ അന്വേഷണസംഘം ഇത് സ്ഥിരീകരിച്ചു. പീഡനം നടന്ന ദിവസം സിദ്ധിഖ് ചോറും മീന്‍ കറിയും തൈരുമാണ് കഴിച്ചതെന്നും യുവതി മൊഴി നല്‍കിയിരുന്നു. ഹോട്ടല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ നടി നല്‍കിയ മൊഴി ശരിയാണെന്ന് അന്വേഷണസംഘത്തിനു വ്യക്തമായി. 
 
അച്ഛനും അമ്മയും ഒരു കൂട്ടുകാരിയും ചേര്‍ന്നാണ് തന്നെ ഹോട്ടലില്‍ എത്തിച്ചതെന്ന നടിയുടെ മൊഴി മൂവരും ശരിവെച്ചു. ജനുവരി 27 നു രാത്രി 12 മണിക്കു മുറിയെടുത്ത സിദ്ധിഖ് പിറ്റേന്ന് വൈകിട്ട് അഞ്ച് വരെ ഹോട്ടലില്‍ ഉണ്ടായിരുന്നെന്നും രേഖകളില്‍ നിന്ന് വ്യക്തമാണ്. പീഡനം നടന്ന് ഒരു വര്‍ഷത്തിനു ശേഷം ഒരു സുഹൃത്തിനോടു യുവതി ഇക്കാര്യം പറഞ്ഞിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സുഹൃത്ത് ഇക്കാര്യം ശരിവെച്ചു. ലൈംഗിക പീഡനത്തിനു പിന്നാലെ മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് സൈക്യാട്രിസ്റ്റുകളുടെ ചികിത്സയില്‍ കഴിഞ്ഞതായി യുവതി പറയുന്നു. രണ്ടുപേരും ഇത് ശരിവെച്ച് മൊഴി നല്‍കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍