ഒരുകാലത്ത് മലയാള സിനിമയിലെ മുൻനിര നായികയായിരുന്നു ശാന്തി കൃഷ്ണ. തന്റെ കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴായിരുന്നു ശാന്തി കൃഷ്ണയുടെ വിവാഹം. ഇതോടെ, നടി സിനിമയിൽ നിന്നും ഇടവേളയെടുത്തു. പിന്നീട് 'നയം വ്യക്തമാക്കുന്നു' എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ്. അതിന് കാരണം മമ്മൂട്ടിയാണെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്.
''എനിക്ക് എന്റെ കുഞ്ഞിനെ നഷ്ടമായി. അതോടെ ഡിപ്രഷനിലായി. ആ സമയത്താണ് നയം വ്യക്തമാക്കുന്നുവിന്റെ ഓഫർ വരുന്നത്. ഞാൻ പറ്റില്ല എന്ന് പറഞ്ഞ് നിൽക്കുകയായിരുന്നു. കാരണം എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. ആദ്യമായി നിദ്രയിൽ അഭിനയിച്ചത് പോലെയല്ലല്ലോ. ഇത്രയും വർഷം കഴിഞ്ഞ് തിരിച്ചു വരുന്നതല്ലോ. നല്ല മൂഡിലുമല്ല, ഡിപ്രഷനിലാണ്. അങ്ങനെയിരിക്കുമ്പോൾ പെട്ടെന്ന് കേറി അഭിനയിക്കാൻ പറയുമ്പോൾ എന്തിനാണ് ആ കഥാപാത്രത്തെ നശിപ്പിക്കുന്നത്. അതിനാൽ പറ്റില്ല എന്നായിരുന്നു എന്റെ മനസിൽ'' ശാന്തി കൃഷ്ണ പറയുന്നു.
''പക്ഷെ അവർക്ക് ഇതാണ് തിരിച്ചു വരാനുള്ള കറക്ട് ടൈം എന്ന് തോന്നി. വന്നു നോക്കൂ, ചെയ്യാൻ പറ്റുമോ എന്ന് സെറ്റിൽ വന്ന ശേഷം തീരുമാനിക്കാം. ചെയ്താൽ നന്നാകും എന്ന ആറ്റിറ്റിയൂഡ് ആയിരുന്നു അവർക്ക്. അങ്ങനെ പോയി. ഫസ്റ്റ് ഡേ വലിയൊരു സീൻ തന്നു. എന്തുകൊണ്ടോ വർക്ക് ആയി. അതോടെ ശാന്തി തന്നെ ചെയ്താൽ മതിയെന്ന് പറഞ്ഞു. വളരെ നല്ലൊരു വേഷം കൂടിയായിരുന്നു'' എന്നും ശാന്തി കൃഷ്ണ പറയുന്നു.
നയം വ്യക്തമാക്കുന്നു മികച്ച വിജയം നേടുകയും ശാന്തി കൃഷ്ണയുടെ തിരിച്ചുവരവിലെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. മമ്മൂട്ടി-ശാന്തി കൃഷ്ണ കോമ്പിനേഷനും കയ്യടി നേടി. എന്നാൽ ശാന്തി കൃഷ്ണ വീണ്ടും കരിയറിൽ നിന്നും പലവട്ടം ഇടവേളയെടുത്തു. ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി മാറിയിരിക്കുകയാണ് ശാന്തി കൃഷ്ണ.