Mammootty and Sandra Thomas
Sandra Thomas against Mammootty: നടന്‍ മമ്മൂട്ടിക്കെതിരെ നിര്‍മാതാവ് സാന്ദ്രാ തോമസ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരായ കേസില്‍ നിന്ന് പിന്മാറണമെന്ന് മമ്മൂട്ടി തന്നോടു ആവശ്യപ്പെട്ടെന്ന് സാന്ദ്ര പറഞ്ഞു. വണ്‍ ഇന്ത്യ മലയാളത്തിനു നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്ര ഇക്കാര്യം വെളിപ്പെടുത്തിയത്.
' എന്നെ മമ്മൂക്ക വിളിച്ചിരുന്നു. മുക്കാല്‍ മണിക്കൂറോളം സംസാരിച്ചു. കേസുമായി മുന്നോട്ടു പോകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ച ഒറ്റ ചോദ്യമേയുള്ളൂ. മമ്മൂക്കയുടെ മകള്‍ക്കാണ് ഈ സിറ്റുവേഷന്‍ വന്നിരുന്നതെങ്കിലോ? അവരോടും ഇത് പറയുമോ എന്ന് ഞാന്‍ ചോദിച്ചു. ഇനി സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്‌തോളൂ. ഇനി ഒന്നും ഞാന്‍ പറയുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു,' സാന്ദ്ര വെളിപ്പെടുത്തി.
മമ്മൂട്ടിക്കൊപ്പമുള്ള ആന്റോ ജോസഫിനെ ഉദ്ദേശിച്ചാണ് സാന്ദ്ര ഇങ്ങനെ പറഞ്ഞത്. ആന്റോ ജോസഫ് മമ്മൂട്ടിയുടെ സഹായിയും നിര്‍മാതാക്കളുടെ സംഘടനയുടെ ഭാരവാഹിയുമാണ്. മമ്മൂക്ക ഉള്‍പ്പടെ പല പ്രമുഖ നടന്മാര്‍ക്കും പാദസേവ ചെയ്യുന്ന ചിലരാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നത്. അസോസിയേഷന്റെ പ്രസിഡന്റെ ഒരു പ്രമുഖ താരത്തിന് ഡോര്‍ തുറന്നുകൊടുക്കാനും കസേര വലിച്ചിട്ടുകൊടുക്കാനും നില്‍ക്കുന്ന ആളാണെന്നും സാന്ദ്ര തോമസ് പറഞ്ഞു.