നിവിന് പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത 'രാമചന്ദ്ര ബോസ് ആന്റ് കോ' തിയറ്ററുകളില്‍. ഓണം റിലീസായി തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം ഹ്യൂമറിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ നിവിന്‍ പോളിക്ക് സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സമീപകാലത്ത് പറയത്തക്ക ഹിറ്റുകളൊന്നും നിവിന് ലഭിച്ചിട്ടില്ല. ബോക്‌സ്ഓഫീസില്‍ പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ ബോസിനും കൂട്ടര്‍ക്കും കഴിയുമെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്.
ഇന്നലെ റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയോടാണ് നിവിന്‍ പോളി ചിത്രം മത്സരിക്കുന്നത്. കിങ് ഓഫ് കൊത്തയ്ക്ക് സമ്മിശ്ര പ്രതികരണങ്ങള്‍ ആണ് ആദ്യ ദിനം ലഭിച്ചത്. കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ കിങ് ഓഫ് കൊത്തയ്ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ ബോസ് ആന്റ് കോ തിയറ്ററുകളില്‍ വലിയ വിജയമാകുമെന്ന് ഉറപ്പാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തും.
ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, അര്‍ഷ ബൈജു തുടങ്ങിയവരെല്ലാം ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം. ഹനീഫ് അദേനിയും നിവിന്‍ പോളിയും ആദ്യമായി ഒന്നിച്ച മിഖായേല്‍ തിയറ്ററുകളില്‍ വന്‍ പരാജയമായിരുന്നു.