'ഞങ്ങളുടെ ആദ്യത്തെ ഇന്റര്‍നാഷണല്‍ അവാര്‍ഡ്'; സന്തോഷം പങ്കുവച്ച് വിഘ്നേഷ് ശിവന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 10 ഓഗസ്റ്റ് 2021 (11:06 IST)
നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും ഇത് അഭിമാന നിമിഷം. ഇരുവരുടെയും പ്രൊഡക്ഷന്‍ ഹൗസായ റൗഡി പിക്‌ചേഴ്‌സ് പകര്‍പ്പവകാശം സ്വന്തമാക്കിയ സിനിമ 'കൂഴങ്കല്‍' അമ്പതാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ ടൈഗര്‍ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ആദ്യമായി ഒരു തമിഴ് സിനിമയ്ക്ക് ഈ പുരസ്‌കാരം ലഭിച്ച സന്തോഷം നേരത്തെ വിഘ്നേഷ് പങ്കുവെച്ചിരുന്നു.ഇപ്പോളിതാ നയന്‍താരയുടേയും വിഘ്നേഷ് ശിവന്റേയും കൈകളിലേക്ക് അവാര്‍ഡ് എത്തിയിരിക്കുകയാണ്.
 
ആ സന്തോഷം ഇരുവരും പങ്കുവെച്ചു. അവാര്‍ഡ് ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്നു എന്നാണ് വിഘ്നേഷ് കുറിച്ചത്. മാത്രമല്ല തങ്ങളുടെ ആദ്യ രാജ്യാന്തര പുരസ്‌കാരം ആണെന്നും പറഞ്ഞു കൊണ്ടാണ് നയന്‍താരയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.പി.എസ്.വിനോദ് രാജ് ആണ് 'കൂഴങ്കല്‍' സംവിധാനം ചെയ്തത്. നയന്‍താരയും വിഘ്നേഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന മൂന്നാമത്തെ പ്രോജക്ട് കൂടിയായിരുന്നു ഇത്.
 
റൗഡി പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന നയന്‍താര ചിത്രം 'നെട്രികണ്‍' ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നു ചിത്രം ഓഗസ്റ്റ് 13 ന് പ്രേക്ഷകരിലേക്ക് എത്തും. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് സ്ട്രീമിംഗ് അവകാശങ്ങള്‍ നേടിയത്.വസന്ത് രവി നായകനാവുന്ന 'റോക്കി'യും റൗഡി പിക്‌ചേഴ്‌സ് ആണ് നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍