അന്ന് ലോഹിതദാസിനോട് ബഹദൂര്‍ കയര്‍ത്തു; മുറിയിലേക്ക് കയറിവന്നത് നന്നായി മദ്യപിച്ച ശേഷം

തിങ്കള്‍, 28 ജൂണ്‍ 2021 (11:50 IST)
അനശ്വര തിരക്കഥാകൃത്ത് ലോഹിതദാസ് വിടവാങ്ങിയിട്ട് ഇന്നേക്ക് 12 വര്‍ഷം. എല്ലാവരോടും സ്‌നേഹവും കരുതലുമുള്ള കലാകാരനായിരുന്നു ലോഹിതദാസ്. ആ സ്‌നേഹവും കരുതലും ചിലപ്പോഴൊക്കെ ലോഹിക്ക് തന്നെ വലിയ വിഷമങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. അങ്ങനെയൊരു സംഭവം ലോഹി തന്റെ ആത്മകഥാംശമുള്ള 'കാഴ്ചവട്ടം' എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. 
 
ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറിലാണ് നടന്‍ ബഹദൂര്‍ അവസാനമായി അഭിനയിച്ചത്. ഈ സിനിമയുടെ ഷൂട്ടിങ്ങിന്റെ സമയത്ത് താനും ബഹദൂറും തമ്മിലുണ്ടായ ചെറിയ അസ്വാരസ്യത്തെ കുറിച്ചാണ് ലോഹിതദാസ് കാഴ്ചവട്ടത്തില്‍ വിവരിച്ചിരിക്കുന്നത്. 
 
ജോക്കര്‍ ഷൂട്ടിങ്ങിന്റെ സമയത്ത് പത്തിരുപത് ദിവസത്തോളം ബഹദൂറിക്ക തനിക്കൊപ്പമായിരുന്നെന്ന് ലോഹിതദാസ് പറയുന്നു. ബഹദൂറിന് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മദ്യപിക്കരുതെന്ന് ലോഹിതദാസ് നിര്‍ദേശം നല്‍കിയിരുന്നു. 
 
'രാവിലെ ജോക്കറിന്റെ ഷൂട്ടിങ്ങിനായി പുറപ്പെടുമ്പോഴും രാത്രി തിരിച്ചെത്തുമ്പോഴും ഞാന്‍ ബഹദൂറിക്കയെ കാണും. രാത്രി കാണുമ്പോള്‍ ആ മുഖത്തേക്ക് ഞാന്‍ സൂക്ഷിച്ചുനോക്കുമ്പോള്‍ ഒരു കുട്ടിയുടെ നിഷ്‌കളങ്കതയോടെ പറയും. 'ഇല്ല മോനെ, ഇക്ക തൊട്ടിട്ടില്ല' വല്ലപ്പോഴും ഒരു പെഗ്ഗ് കഴിക്കാന്‍ ഞാന്‍ അനുവദിച്ചിരുന്നു. രാവിലെ ചിലപ്പോള്‍ എന്റെ മുറിയില്‍ വന്നു ചോദിക്കും,' കാഴ്ചവട്ടത്തില്‍ പറയുന്നു. 
 
പഴയ പരിചയക്കാര്‍ സങ്കടം പറഞ്ഞു വരുമ്പോള്‍ ബഹദൂര്‍ നിര്‍മാതാവിന്റെ കൈയില്‍ നിന്ന് രണ്ടായിരവും മൂവായിരവും വാങ്ങി കൊടുക്കുമായിരുന്നു. ഇത് ലോഹിതദാസ് അറിഞ്ഞു. ബഹദൂര്‍ കാശ് ചോദിച്ചാല്‍ കൊടുക്കരുതെന്ന് ലോഹിതദാസ് നിര്‍മാതാവിനോട് പറഞ്ഞു. ബഹദൂര്‍ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന സമയമായതിനാല്‍ കൊടുക്കാനുള്ള പണം ഷൂട്ടിങ് കഴിഞ്ഞുപോവുമ്പോള്‍ ഡ്രാഫ്റ്റ് എടുത്ത് കൊടുത്താല്‍ മതിയെന്ന് ലോഹിതദാസ് നിര്‍മാതാവിന് നിര്‍ദേശം നല്‍കിയത്. ഇത് ബഹദൂറിനെ വല്ലാതെ വേദനിപ്പിച്ചു. പണം കൊടുക്കരുതെന്ന് ലോഹിതദാസ് പറഞ്ഞത് ബഹദൂറിനെ ചൊടിപ്പിക്കുകയും ചെയ്തു. അന്ന് രാത്രി ബഹദൂര്‍ നന്നായി മദ്യപിച്ച ശേഷം തന്റെ അടുത്തേക്ക് വന്ന് ദേഷ്യപ്പെട്ടെന്നും ലോഹിതദാസ് കാഴ്ചവട്ടത്തില്‍ എഴുതിയിരിക്കുന്നു. 
 
അന്ന് രാത്രി ഷൂട്ടിങ് കഴിഞ്ഞു ഞാന്‍ വരുമ്പോള്‍ മുഖം അത്ര പന്തിയല്ല. കണ്ണിലേക്കു ഞാന്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ ധിക്കാരത്തോടെ പറഞ്ഞു. 'അടിച്ചിട്ടുണ്ട്. മൂന്നാലെണ്ണം അടിച്ചിട്ടുണ്ട്. ആരും എന്നെ പഠിപ്പിക്കണ്ട..ഞാന്‍ ജോലി ചെയ്യുന്ന പണം ഞാന്‍ ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കും. അതിലാരും ഇടപെടണ്ട,'
 
എനിക്ക് വിഷമം തോന്നി. ഞാന്‍ ഒന്നും പറഞ്ഞില്ല. പിറ്റേന്ന് രാവിലെ എന്റെ മുറിയില്‍ വന്നു. മുഖത്തെ ധിക്കാരഭാവം മാറിയിരിക്കുന്നു. ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കമായ മുഖം.
 
'പാവങ്ങളാ മോനേ..അവരു വന്നു ചോദിക്കുമ്പോ ഇക്ക എങ്ങിന്യാ കൊടുക്കാണ്ടിരിക്ക്യാ..ഉണ്ടായിട്ടു കൊടുത്തില്ലെങ്കി ഇക്കയ്ക്ക് മനസ്സിനു സമാധാനമുണ്ടാവില്ല,' 
 
'കിട്ടുമെന്നറിയാവുന്നതുകൊണ്ട് ഓരോരുത്തര്‍ സൂത്രം പറഞ്ഞു വരികയാണ്,' ഞാന്‍ പറഞ്ഞു.
 
'കൊണ്ടുപോട്ടെ മോനേ..ഇക്ക ഇനി സമ്പാദിച്ചിട്ട് പോകുമ്പൊ കൊണ്ടുപോവ്വാ?'
 
'എനിക്കുത്തരമില്ല,'
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍