ആ സമയത്ത് ലൈംഗിക തൃഷ്ണ കുറഞ്ഞു, ഒപ്പം നിന്നത് സെയ്ഫ്; തുറന്നുപറച്ചിലുമായി കരീന

ബുധന്‍, 11 ഓഗസ്റ്റ് 2021 (12:19 IST)
തന്റെ ഗര്‍ഭകാലത്തെ കുറിച്ചും അമ്മയായതിനു ശേഷമുള്ള ജീവിതത്തെ കുറിച്ചും മനസുതുറന്ന് ബോളിവുഡ് സൂപ്പര്‍താരം കരീന കപൂര്‍. തന്റെ ആത്മകഥാംശമുള്ള പ്രഗ്‌നന്‍സി ബൈബിള്‍ എന്ന പുസ്തകം പുറത്തിറക്കുന്ന വേളയില്‍ ആരും തുറന്നുപറയാന്‍ താല്‍പര്യപ്പെടാത്ത വിഷയങ്ങളും കരീന വെളിപ്പെടുത്തി. ഗര്‍ഭിണിയായിരുന്ന വേളയില്‍ തനിക്ക് ലൈംഗിക തൃഷ്ണ കുറഞ്ഞതിനെ കുറിച്ചും ജീവിതപങ്കാളി സെയ്ഫ് അലി ഖാന്‍ എങ്ങനെ പിന്തുണ നല്‍കിയെന്നുമാണ് താരം പറയുന്നത്. സംവിധായകന്‍ കരണ്‍ ജോഹറിനോടാണ് താരത്തിന്റെ തുറന്നുപറച്ചില്‍. ഗര്‍ഭകാലത്ത് തനിക്ക് ലൈംഗിക തൃഷ്ണ കുറഞ്ഞെന്ന് കരീന പറഞ്ഞിരുന്നു. ഇതേ കുറിച്ച് കൂടുതല്‍ വ്യക്തമാക്കാമോ എന്ന് കരണ്‍ ചോദിക്കുകയായിരുന്നു. അപ്പോള്‍ കരീന നല്‍കിയ മറുപടി ഇങ്ങനെ: 
 
'ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ മറ്റുള്ളവര്‍ ചിലപ്പോള്‍ അവരുടെ അവസ്ഥയെ കുറിച്ച് അറിയണമെന്നില്ല. ഗര്‍ഭിണിയായിരിക്കുന്ന ആളുടെ മാനസികാവസ്ഥയും വികാരവും മറ്റുള്ളവര്‍ മനസിലാക്കണമെന്നില്ല. അവരുടെ മൂഡ് ഇടയ്ക്കിടെ മാറും. ചില ദിവസങ്ങളില്‍ എനിക്ക് തോന്നും ഞാന്‍ വളരെ സുന്ദരിയാണെന്നും വളരെ സെക്സിയാണെന്നും. ഓ, മൈ ഗോഡ് ഞാന്‍ എന്തൊരു ഹോട്ടാണ്, നല്ല ഭംഗിയുണ്ടല്ലോ എന്നൊക്കെ തോന്നും. ഈ നിറവയറുമായി ഞാന്‍ എന്ത് സുന്ദരിയായിരിക്കുന്നു എന്ന് തോന്നാറുണ്ട്. ഞാനിത് സെയ്ഫിനോട് പറയും. നീ സുന്ദരിയായിരിക്കുന്നു എന്ന് സെയ്ഫ് എന്നോട് തിരിച്ചും പറയാറുണ്ട്. ചിലപ്പോള്‍ ഞാന്‍ ചോദിക്കാതെ തന്നെ അദ്ദേഹം എന്നോട് അക്കാര്യം പറയും. എന്നാല്‍, ഗര്‍ഭിണിയായി ആറ്-ഏഴ് മാസങ്ങള്‍ക്ക് ശേഷം അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. എന്താണ് തോന്നുന്നതെന്ന് വിവരിക്കാന്‍ പോലും കഴിയില്ല. ചിലപ്പോള്‍ രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തോന്നില്ല. ഒരുതരം മനംമടുപ്പ് മാത്രമായിരിക്കും. പിന്തുണയ്ക്കാനും ഒപ്പം നില്‍ക്കാനും ഒരു പങ്കാളിയുണ്ടാകുകയാണ് ഈ സമയത്ത് അത്യാവശ്യം. ഒപ്പം നില്‍ക്കുന്ന ഒരു പങ്കാളിയുണ്ടാകുക ആ സമയത്ത് അത്യാവശ്യമാണ്. ഒരു കാര്യത്തിനും സമ്മര്‍ദം ചെലുത്താത്ത ആളുകള്‍ ആയിരിക്കണം പങ്കാളി. പതിവ് ലൈംഗിക ജീവിതം വളരെ സജീവമായിരിക്കണം എന്ന ചിന്തയും നിര്‍ബന്ധബുദ്ധിയും ആ സമയത്ത് പങ്കാളിക്ക് ഉണ്ടാകരുത്,' കരീന പറഞ്ഞു. 
 
തൈമൂറിന് ജന്മം നല്‍കിയ ശേഷമുള്ള ആദ്യ ദിവസങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതാണെന്നും കരീന പറഞ്ഞു. 'തൈമൂറിനെ സിസേറിയനിലൂടെ പുറത്തെടുക്കേണ്ടിവരുമെന്ന തീരുമാനം പെട്ടന്നായിരുന്നു. സിസേറിയന് ശേഷം ഞാന്‍ ഏറെ ബുദ്ധിമുട്ടി. തുറന്നുപറഞ്ഞാല്‍ എനിക്ക് 14 ദിവസത്തേക്ക് മുലപ്പാല്‍ ഇല്ലായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ വറ്റിവരണ്ട അവസ്ഥ. കുഞ്ഞിന് ഒരു തുള്ളി പാല്‍ നല്‍കാന്‍ ഇല്ലായിരുന്നു. കുഞ്ഞിനെ മുലയൂട്ടാന്‍ പലതവണ ശ്രമിച്ചു. എന്റെ അമ്മയും നഴ്സും അടുത്തിരുന്ന് മുലയില്‍ അമര്‍ത്തി നോക്കി. ഒരു തുള്ളി പാല്‍ പോലും വരുന്നില്ലെന്ന് പറഞ്ഞ് അവരും ആശ്ചര്യപ്പെട്ടു. കുഞ്ഞിന് കൃത്യമായി മുലയൂട്ടാന്‍ കഴിയുന്നത് 14 ദിവസത്തിനു ശേഷമാണ്,' കരീന പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍