തുളളുവതോ ഇളമൈ എന്ന സിനിമയിൽ ഓടിനടന്ന ഊർജസ്വലനായ യുവാവിന്റെ അകാലത്തിലുള്ള വിയോഗം തന്നെ ഏറെ ദുഃഖിപ്പിച്ചു എന്ന് കലാധീശ്വരൻ ചിത്രത്തോടൊപ്പം കുറിച്ചു. ദേശീയ പുരസ്കാരം നേടിയ 'ഉത്തരായനം' ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മലയാളി നടി രാധാമണിയുടെ മകനാണ് അഭിനയ്. കരൾ രോഗത്തോട് പോരാടി 44-ാം വയസിലാണ് അഭിനയ് മരണത്തിന് കീഴടങ്ങിയത്.
നടൻ അഭിനയിന് ഹൃദയം തൊട്ടുള്ള ആദരാഞ്ജലി. 'തുള്ളുവതോ ഇളമൈ' എന്ന ചിത്രത്തിന്റെ പിന്നിലെ ഊർജസ്വലമായ ആത്മാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഊർജസ്വലതയും അഭിനിവേശവും, മറക്കാനാവാത്ത സാന്നിധ്യവും തമിഴ് സിനിമയിലും നമ്മുടെ ഹൃദയങ്ങളിലും എന്നെന്നും ജീവിക്കും. അഭിനയ് വളരെ പെട്ടെന്ന് നമ്മിൽ നിന്ന് വിട പറഞ്ഞു, പക്ഷേ ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ, കലാധീശ്വരൻ കുറിച്ചു.
2019 ൽ കാൻസർ രോഗത്തെ തുടർന്നാണ് അഭിനയുടെ അമ്മ രാധാമണി മരണമടഞ്ഞത്. അമ്മയുടെ മരണശേഷം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു താരം. ചികിത്സാച്ചെലവുകൾ വർധിച്ചതോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. നഗരത്തിലെ സർക്കാർ മെസ്സിൽ നിന്നാണ് ഭക്ഷണം കഴിക്കുന്നതെന്ന് ഒരു വർഷം മുൻപ് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.