വരാഹരൂപമില്ലാതെ കാന്താര ഒടിടിയിൽ, ചിത്രത്തിൻ്റെ ആത്മാവ് നഷ്ടപ്പെട്ടെന്ന് ആരാധകർ

വ്യാഴം, 24 നവം‌ബര്‍ 2022 (14:36 IST)
ദക്ഷിണേന്ത്യയിൽ പിറന്ന ഒരു സർപ്രൈസ് ഹിറ്റായിരുന്നു റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ പുറത്തുവന്ന കാന്താര. പ്രാദേശികമായ ഒരു മിത്തിനെ ആസ്പദമാക്കിയൊരുക്കിയ ചിത്രം കന്നഡയിൽ മാത്രമായിരുന്നു റിലീസെങ്കിലും വൈകാതെ തന്നെ ചിത്രം മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. തമിഴ്,മലയാളം, ഹിന്ദി അടക്കമുള്ള ചിത്രത്തിൻ്റെ പതിപ്പുകളെല്ലാം തന്നെ വലിയ വിജയമായിരുന്നു.
 
കാടും പരിസ്ഥിതിയും ദൈവങ്ങളും മനുഷ്യരും തമ്മിൽ ഇഴചേർക്കപ്പെട്ട ബന്ധത്തെ പ്രതിപാദിക്കുന്ന ചിത്രത്തിൻ്റെ ആത്മാവ് സിനിമയിലെ വരാഹരൂപം എന്ന ഗാനമായിരുന്നു. തിയേറ്ററുകളിൽ വലിയ ആവേശം സൃഷ്ടിച്ച ഗാനം പക്ഷേ ഒടിടിയിൽ റിലീസ് ചെയ്യുമ്പോൾ ചിത്രത്തിനൊപ്പമില്ല. ഇതോടെ ആത്മാവ് നഷ്ടപ്പെട്ട സിനിമയാണ് ഇപ്പോൾ പുറത്തൂവന്നിരിക്കുന്നതെന്ന് അഭിപ്രായപ്പെടുകയാണ് സിനിമാപ്രേമികൾ.
 
ചിത്രത്തിലെ വരാഹരൂപം എന്ന ഗാനം മലയാളത്തിലെ സംഗീതബാൻഡായ തൈക്കുടം ബ്രിഡ്ജിൻ്റെ നവരസം എന്ന ഗാനത്തിൻ്റെ പകർപ്പാണെന്ന ആരോപണം ഉയർന്നതോടെയാണ് ചിത്രത്തിൽ നിന്നും ഗാനം പിൻവലിച്ചത്. വരാഹരൂപമില്ലാത്ത കാന്താര ശരാശരിയിൽ താഴെയുള്ള സിനിമയാണെന്നാണ് ആമസോൺ പ്രൈമിലെ ചിത്രത്തീൻ്റെ റിലീസിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ആക്ഷേപം. ഒറിജിനൽ ഗാനത്തിന് പണം കൊടുത്ത് സിനിമയിൽ ആ ഗാനം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍