ഇത് സിനിമാ വ്യവസായത്തിനുള്ള ഇരുട്ടടി, പ്രേക്ഷകരെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നു: സലിം പി ചാക്കോ

ചൊവ്വ, 11 ജൂണ്‍ 2019 (17:33 IST)
സിനിമാടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കണ്‍വീനര്‍ സലിം പി ചാക്കോ പ്രതിഷേധിച്ചു. 
 
ജിഎസ്ടി നിരക്ക് 28 ശതമാനമെന്നത് 18 ശതമാനമാക്കി കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. എന്നാല്‍ പതിനെട്ടിനോടൊപ്പം 10 ശതമാനം വിനോദനികുതി ചേര്‍ക്കുകയാണ് തദ്ദേശ സ്വയഭരണ വകുപ്പ് സെക്രട്ടറി ഇത് സംബന്ധിച്ചുള്ള 63/2019 നമ്പരിലുള്ള ഉത്തരവില്‍ പറയുന്നത്. 
 
1961ലെ ആക്ടില്‍ ഭേദഗതി വരുത്തിയും ടിക്കറ്റിന്മേല്‍ 10 ശതമാനം വിനോദനികുതി പിരിക്കാന്‍ ആവശ്യമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 
 
28 ശതമാനത്തോടൊപ്പം പ്രളയത്തിന്റെ പേരിലുള്ള ഒരു ശതമാനം നികുതി കുടി ചേരുമ്പോള്‍ മൊത്തം 29 ശതമാനം നികുതി ഉയരുകയും ചെയ്തു. 
 
സിനിമ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിലൂടെ പ്രേക്ഷക സമൂഹത്തെ വെല്ലുവിളിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 
 
സിനിമ വ്യവസായത്തിന് കിട്ടിയ ഇരുട്ടടിയാണിത്. യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള സമീപനം ഉണ്ടാവുകയും സിനിമ ടിക്കറ്റ് വര്‍ദ്ധനവ് പിന്‍വലിക്കുകയും ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് സലിം പി ചാക്കോ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍