മകന് വിഷച്ചോറുരുള നല്‍‌കുന്ന അമ്മയെ എങ്ങനെയെഴുതി? - ലോഹിതദാസിന്‍റെ സ്‌ത്രീ കഥാപാത്രങ്ങള്‍

അനിരാജ് എ കെ

തിങ്കള്‍, 28 ജൂണ്‍ 2021 (15:58 IST)
ഒട്ടേറെ കഥകള്‍ നമ്മളെ വന്നു വിളിക്കുന്നുണ്ട്. രാത്രിയിലും പകല്‍‌സമയത്തും. ഉറക്കത്തിലും ഉണര്‍വിലും. പക്ഷേ അജ്ഞാതമായ നിലവിളികള്‍ പോലെ ആ കഥകള്‍ നമ്മളിലേക്കെത്തുന്നില്ല. അല്ലെങ്കില്‍ ആ കഥകള്‍ക്ക് എത്താനുള്ള വഴി അടഞ്ഞുപോയിരിക്കുന്നു.
 
കഥകളെയും മലയാളികളെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ലോഹിതദാസ് എന്ന നടവഴി അടഞ്ഞുപോയിട്ട് 12 വര്‍ഷം തികയുന്നു. 12 വര്‍ഷം മുമ്പ് ജൂണ്‍ 28ന് രാവിലെയാണ് മലയാളത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ട കഥാകാരന്‍ കഥകള്‍ കണ്ടെടുക്കുന്ന ഭൂതക്കണ്ണാടി ഉപേക്ഷിച്ച് മറ്റൊരു ലോകത്തേക്ക് മറഞ്ഞത്.
 
‘ഭീഷ്‌മര്‍’ എന്ന തന്‍റെ പുതിയ സിനിമയുടെ രചന നടന്നുകൊണ്ടിരിക്കെയാണ് ലോഹി മരണത്തിന് കീഴടങ്ങുന്നത്. മോഹന്‍ലാലിനെ നായകനാക്കിയുള്ള ആ ചിത്രത്തിന്‍റെ 20 സീനുകള്‍ എഴുതി പൂര്‍ത്തിയാക്കിയിരുന്നു. ഒരുപക്ഷേ, മറ്റൊരു ക്ലാസിക് ചിത്രമായി മാറിയേക്കാമായിരുന്ന ‘ഭീഷ്മര്‍’ ഇരുപത് സീനിലൊതുങ്ങി അനാഥമായി അവശേഷിക്കുന്നു.
 
മനുഷ്യബന്ധളുടെയും മനുഷ്യരും സമൂഹവും തമ്മിലുള്ള സംഘര്‍ഷങ്ങളുടെയും കഥകളായിരുന്നു ലോഹിതദാസ് എന്നും പറഞ്ഞിരുന്നത്. തന്‍റെ അമ്പതിലധികം ചിത്രങ്ങളിലൂടെ എത്രയെത്ര കഥാപാത്രങ്ങളുടെ കണ്ണീരും നൊമ്പരവും വിലാപങ്ങളും സന്തോഷങ്ങളും ഒറ്റപ്പെടലുകളും അദ്ദേഹം പകര്‍ത്തിവച്ചു. മഹാനടന്‍‌മാര്‍ പലരുടെയും ഏറ്റവും മികച്ച കഥാപാത്രങ്ങള്‍ ലോഹി എഴുതിയതാണ്.
 
സ്ത്രീ കേന്ദ്രീകൃതമായ രചനകള്‍ മലയാള സിനിമയില്‍ ഇന്ന് വംശനാശം വന്നുപോയ വിഭാഗമാണ്. നായകന്‍റെ നിഴലാകാന്‍ വിധിക്കപ്പെട്ട ജന്‍‌മങ്ങളാണ് ഇന്ന് സ്ത്രീ കഥാപാത്രങ്ങള്‍. എന്നാല്‍ നായകനൊപ്പമോ അതിനും മുകളിലോ ആയിരുന്നു ലോഹിയുടെ സ്ത്രീ കഥാപാത്രങ്ങളുടെ സ്ഥാനം. സിനിമയുടെ കച്ചവട സാധ്യതയ്ക്കായി സ്ത്രീയുടെ ശരീരമോ കണ്ണീരോ ഉപയോഗിച്ചിട്ടില്ല ലോഹി, ഒരു സിനിമയിലും.
 
തനിയാവര്‍ത്തനത്തിലെ അമ്മ സ്വന്തം മകന് വിഷച്ചോറുരുള നല്‍കുമ്പോള്‍ കണ്ണീരണിഞ്ഞ മുഖത്തോടെ പ്രേക്ഷകര്‍ ആ അമ്മയ്ക്ക് നന്ദി പറയുകയായിരുന്നു. ശ്രീധരമ്മാമയെപ്പോലെ ചങ്ങലകിലുക്കിക്കൊണ്ട് മച്ചിലെ തടവറയില്‍ മകനെ കഴിഞ്ഞുകൂടാന്‍ വിട്ടില്ലല്ലോ, നന്ദി.
 
എഴുതാപ്പുറങ്ങളിലെ സ്ത്രീ കഥാപാത്രങ്ങള്‍ സ്ത്രീയുടെ ശക്തിയും ദൌര്‍ബല്യവും നിസഹായതയും ദയനീയതയുമൊക്കെ പകര്‍ത്തിയവയാണ്. കുടുംബപുരാണത്തിലെ മരുമകള്‍ മലയാളിയുടെ ഐഡിയല്‍ മരുമകളാണ്. അമ്മായിയച്ഛന്‍റെ തലയില്‍ രാസ്നാദിപ്പൊടി തിരുമ്മിക്കൊടുക്കുന്ന ആ മരുമകളെപ്പോലെ ഒരാള്‍ തങ്ങളുടെ കുടുംബത്തിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ ആരുണ്ട്?
 
കിരീടത്തിലെ ദേവിയും കമലദളത്തിലെ സുമംഗലയും മൃഗയയിലെ ഭാഗ്യലക്ഷ്മിയും രാധാമാധവത്തില്‍ പാര്‍വതി അവതരിപ്പിച്ച കഥാപാത്രവും അല്‍പ്പം അസൂയയും പരിഭവവും എടുത്തുചാട്ടവുമുള്ള സാധാരണ പെണ്‍കുട്ടികളായിരുന്നു. അവര്‍ക്ക് അവര്‍ മാത്രമായിരുന്നു ലോകം. അത്രത്തോളം പൊസസ്സീവായ സ്ത്രീ കഥാപാത്രങ്ങളെ മറ്റാരെങ്കിലും സൃഷ്ടിച്ചിട്ടുണ്ടോ എന്ന് സംശയം.
 
മാതൃത്വത്തിന്‍റെ മഹത്വം മനസിലാക്കാതെ പോകുന്നതാണ് ഇന്നത്തെ ദുരവസ്ഥയ്ക്കെല്ലാം കാരണമെന്ന് ലോഹിതദാസ് പറഞ്ഞിട്ടുണ്ട്. മാതൃത്വത്തോടുള്ള തന്‍റെ നിലപാട് വ്യക്തമാക്കുന്ന ചിത്രമായിരുന്നു ദശരഥം. മറ്റൊരാള്‍ക്ക് വേണ്ടി വാടകയ്ക്ക് ഒരു കുഞ്ഞിനെ ഉദരത്തില്‍ പേറുകയാണെങ്കിലും കുഞ്ഞ് ജനിച്ചു കഴിയുമ്പോള്‍ മുതല്‍ ആനി ഒരു സാധാരണ അമ്മയായിപ്പോകുന്നു. ആ കുഞ്ഞിനെ ആര്‍ക്കും വിട്ടുനല്‍കാന്‍ അവള്‍ തയ്യാറല്ല.
 
മഹായാനത്തിലെ രാജമ്മ ഏതൊരാണിനോടും പോന്നവളാണ്. അവളുടെ ശകാരം കേള്‍ക്കാനാവാതെ ആ നാട്ടിലെ ആണുങ്ങളെല്ലാം വഴിമാറിപ്പോകുന്നു. ഒടുവില്‍ ചന്ദ്രു എന്ന നായകന്‍റെ ചുംബനത്തിന് കീഴടങ്ങുമ്പോഴും അവളുടെ വ്യക്തിത്വം അടിയറ വയ്ക്കുന്നില്ല. കന്‍‌മദത്തിലെ ഭാനുവും അങ്ങനെ തന്നെ. അവളും നായകന്‍റെ ചുണ്ടുകള്‍ക്ക് വിധേയയാകുകയാണ്. അപ്പോഴും ഉള്ളില്‍ എരിയുന്ന കനല്‍ അവളെ പ്രകാശിപ്പിക്കുന്നു.
 
ഭരതത്തില്‍ ഉര്‍വശി അവതരിപ്പിച്ച ദേവി എന്ന കഥാപാത്രം നായകനായ കല്ലൂര്‍ ഗോപിനാഥനേക്കാള്‍ മനഃശക്തിയുള്ളവളാണ്. അയാള്‍ വീണുപോകുന്ന ഘട്ടത്തില്‍ പോലും കൈത്താങ്ങാകുന്നത് അവളാണ്. എന്നാല്‍ ഹിസ് ഹൈനസ് അബ്ദുള്ളയിലെ രാധ ആരുടെയും കണ്ണില്‍ പെടാതെ ആ കൊട്ടാരത്തിന്‍റെ ഏതെങ്കിലും കോണില്‍ ഒതുങ്ങിക്കഴിയാനിഷ്ടപ്പെടുന്നവളാണ്. സ്വന്തം ജന്‍‌മം തന്നെ ഒരു തെറ്റിന്‍റെ ഫലമാണെന്ന വിശ്വാസമാണ് അവളെ അങ്ങനെ ഒരു പാവമാക്കിത്തീര്‍ത്തത്.
 
അമരത്തിലെ മുത്ത് അച്ഛന്‍റെ സ്നേഹത്തിനും കാമുകന്‍റെ വാശിക്കുമിടയില്‍ ധര്‍മ്മസങ്കടം അനുഭവിക്കുന്നു. ഒടുവില്‍ അച്ഛനെ ധിക്കരിച്ച് കാമുകനൊപ്പം പോകുമ്പോഴും പ്രിയപ്പെട്ടവനു വേണ്ടി അച്ഛനെ തള്ളിപ്പറയുമ്പോഴും സ്നേഹത്തിന്‍റെ വിവിധ ഭാവങ്ങള്‍ക്കാണ് അവള്‍ കീഴടങ്ങുന്നത്. പാഥേയത്തിലെ ഹരിതയും സ്നേഹബന്ധങ്ങള്‍ക്കിടയില്‍ ധര്‍മ്മസങ്കടം അനുഭവിക്കുന്നു. അവള്‍ക്കും അച്ഛന്‍റെ സ്നേഹം വേണം, ഒപ്പം മറ്റുള്ളവരുടെയും. ലോഹിതദാസിന്‍റെ എല്ലാ സ്ത്രീ കഥാപാത്രങ്ങളും സ്നേഹത്തിനു വേണ്ടി ദാഹിക്കുന്നവരാണെന്ന് കാണാം.
 
ചകോരത്തിലെ ശാരദാമണിയും അങ്ങനെ തന്നെ. പുറമേ അവള്‍ ശക്തയാണ്. മന്ത്രവാദിനിയാണോ എന്നുപോലും മറ്റുള്ളവര്‍ സംശയിക്കുന്നു. പക്ഷേ അവള്‍ ആഗ്രഹിക്കുന്നതും ഒരു പുരുഷന്‍റെ തണലാണ്, സ്നേഹമാണ്. ധനത്തിലെ നായികയും ആ ദാഹം അനുഭവിക്കുന്നു.
 
സല്ലാപത്തിലെ രാധയെ ജീവനുതുല്യം സ്നേഹിച്ചുകൊണ്ട് ദിവാകരന്‍ ഒപ്പമുണ്ട്. എന്നാല്‍ അവള്‍ ആഗ്രഹിക്കുന്നത് ശശികുമാറിനൊപ്പമുള്ള ജീവിതമാണ്. തന്‍റെ ഒപ്പമുള്ള നിധി വേണ്ടെന്നുവച്ചിട്ടാണ് അവള്‍ മറ്റൊരാളെ തേടിപ്പോകുന്നത്. തൂവല്‍ക്കൊട്ടാരത്തിലെ നായിക മോഹന്‍ എന്ന യുവാവില്‍ അന്വേഷിക്കുന്നത് സ്വന്തം സഹോദരനെ തന്നെയാണെന്നറിയുമ്പോള്‍ സുജാതയ്ക്കൊപ്പം പ്രേക്ഷകരും ആശ്വസിക്കുന്നു.
 
വെങ്കലത്തിലെ തങ്കമണി ഭര്‍ത്താവിന്‍റെ സംശയത്തിന് പാത്രമാകുന്നവളാണ്. തന്‍റെ നിസഹായതയിലും വ്യക്തിത്വം അടിയറ വയ്ക്കാന്‍ അവള്‍ തയ്യാറാകുന്നില്ല. അവള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്കു പോകുന്നു. ഭൂതക്കണ്ണാടിയിലെ സരോജിനിയ്ക്ക് വിദ്യാധരനോടുള്ള സ്നേഹം വിവാഹത്തിനു ശേഷവും മറക്കാനാവുന്നില്ല. അവള്‍ വിവാഹബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് ജീവിക്കുന്നു. വിദ്യാധരനൊപ്പം ഒരു ജീവിതം എന്നെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷയാണ് അവളെ നയിക്കുന്നത്.
 
വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ഭാവന, കസ്തൂരിമാനിലെ പ്രിയംവദ, വളയത്തിലെ വനജ, സൂത്രധാരനിലെ ദേവമ്മ, അരയന്നങ്ങളുടെ വീട്ടിലെ സീത, ജോക്കറിലെ വനജ, കമലദളത്തിലെ മാളവിക, ഓര്‍മ്മച്ചെപ്പിലെ സമീര, ചക്രത്തിലെ ഇന്ദ്രാണി തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങളെയും ഒരിക്കലും മരിക്കാത്ത ഓര്‍മ്മയായി അവശേഷിപ്പിച്ചിട്ടാണ് ലോഹിതദാസ് വിടവാങ്ങിയത്.
 
ഇനിയും എത്രയെത്ര കഥകള്‍ ആ തൂലികയില്‍ നിന്ന് മലയാളിയെ തേടി വരുമായിരുന്നു. എത്ര കഥാപാത്രങ്ങള്‍ നമ്മുടെ കണ്ണുകളും മനസും ആര്‍ദ്രമാക്കുമായിരുന്നു. ലോഹി പോയതോടെ കഥകളുടെ നടവഴിയില്‍ അഭയമില്ലാതെ അലയുകയാണ് ഒരുപിടി കഥാപാത്രങ്ങള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍