വളരെ ശാന്തനും പക്വതയോടെ കാര്യങ്ങളെ സമീപിക്കുന്നവനും സ്നേഹസമ്പന്നനും ഒതുങ്ങിക്കൂടുന്നവനുമായ കഥാപാത്രമായിരുന്നു രാധാകൃഷ്ണന്‍ നായര്‍. യഥാര്‍ത്ഥ ജീവിതത്തില്‍ രവി വള്ളത്തോളും അങ്ങനെയായിരുന്നു. ആ കഥാപാത്രത്തെ രവിക്ക് നല്‍കാം എന്ന് ലോഹിക്കും സിബിക്കും തോന്നിയതില്‍ അത്‌ഭുതമില്ല. അങ്ങനെയൊരു കഥാപാത്രത്തെ രവിയോളം ഉള്‍ക്കൊള്ളാന്‍ കഴിയുക മറ്റാര്‍ക്കാണ് !
സാഹിത്യ - സാംസ്‌കാരിക രംഗത്തെ വലിയ പേരുകളുടെ പാരമ്പര്യമാണ് രവി വള്ളത്തോളിനുള്ളത്. മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍റെ മരുമകന്‍. നാടകാചാര്യന്‍ ടി എന്‍ ഗോപിനാഥന്‍ നായരുടെ മകന്‍. എന്നാല്‍ ഒരിക്കലും, ഒരിടത്തും ആ പാരമ്പര്യത്തിന്‍റെ പെരുമ പറയുകയോ തലപ്പൊക്കം കാട്ടുകയോ രവി വള്ളത്തോള്‍ ചെയ്‌തിട്ടില്ല.
സിബിയുടെ തന്നെ നീ വരുവോളം എന്ന സിനിമയിലെ കഥാപാത്രവും മനസില്‍ തൊടുന്നതായിരുന്നു. അടൂരിന്‍റെ നാലുപെണ്ണുങ്ങണും വിധേയനുമൊക്കെ രവിയുടെ മികച്ച കഥാപാത്രങ്ങളെ നല്‍കി. വമ്പന്‍ ഹിറ്റുകളായ ഗോഡ്‌ഫാദറിലും കമ്മീഷണറിലുമൊക്കെ അഭിനയിച്ചു. അമ്പതോളം സിനിമകളില്‍ അഭിനയിച്ചതില്‍ പലതിലും തന്‍റേതായ രീതിയിലുള്ള പതിഞ്ഞ സ്വഭാവമുള്ള കഥാപാത്രങ്ങള്‍ക്കാണ് ജീവന്‍ നല്‍കിയത്.