''ബാലപീഡനം മാത്രമല്ല എന്നെ ഞാനല്ലാതാക്കുന്ന പല മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്'' പാര്‍വ്വതി

ബുധന്‍, 3 ഓഗസ്റ്റ് 2016 (10:29 IST)
ഇതുവരെയുള്ള തന്റെ ജീവിതത്തില്‍ നല്ല ഓര്‍മകളോടൊപ്പം പല മോശം അനുഭവങ്ങളും സമൂഹത്തില്‍ നിന്നും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി പാര്‍വ്വതി. ബാലപീഡനത്തിനവും, പൂവാലശല്യവും, സൈബര്‍ ആക്രമണവും മാത്രമല്ല തന്റെ വ്യക്തിത്വത്തെ തന്നെ മാറ്റി മറിച്ചേക്കാവുന്ന പല മോശം അനുഭവങ്ങളും തനിക്ക് സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. വിവിധ പരീക്ഷകളില്‍ വിജയം നേടിയവര്‍ക്കുള്ള ഹൈബി ഈഡന്‍ എംഎല്‍എയുടെ അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് പാര്‍വ്വതി തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. 
 
ഒരു നല്ല വ്യക്തിയായി ജീവിക്കുന്നതിന് വിദ്യാഭ്യാസം മാത്രം പോര. മറ്റുള്ളവരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കുക എന്നത് നമ്മുടെ കടമ കൂടിയാണ്. അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണം. ഒരു സാധാരണ പെണ്‍കുട്ടി ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന പല മോശം അനുഭവങ്ങളിലൂടെയുമാണ് താന്‍ കടന്നുവന്നത്. ചിലപ്പോള്‍ അത് ഇനിയുമുണ്ടായേക്കാം. പാര്‍വ്വതി പറഞ്ഞു. നവമാധ്യമങ്ങളിലെ ചതിക്കുഴികളെ കുറിച്ച് ബോധവത്കരണം ലക്ഷ്യമിട്ടുള്ള ബോധിനി എന്ന വീഡിയോയില്‍ പാര്‍വ്വതി സാന്നിധ്യമറിയിച്ചിരുന്നു. നടി എന്ന ലേബലില്‍ ചുരുങ്ങിപ്പോകരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും പാര്‍വ്വതി വ്യക്തമാക്കി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, ഹൈബി ഈഡന്‍ എംഎല്‍എ, കൊച്ചി മേയര്‍ സൗമിനി ജയിന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
 
 

വെബ്ദുനിയ വായിക്കുക