‘മമ്മൂട്ടിയാണോ? എങ്കിൽ ഒന്നും നോക്കാനില്ല, തുടങ്ങിക്കോ’- സംവിധായകനോട് രഞ്ജിത്ത്

വ്യാഴം, 30 ഓഗസ്റ്റ് 2018 (12:01 IST)
സാറാ ജോസഫിന്‍റെ ‘ആളോഹരി ആനന്ദം’ എന്ന നോവല്‍ സിനിമയാകുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നിറയെ സിനിമകളുമായി മുന്നേറുന്ന മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
 
അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലാണ് ശ്യാമപ്രസാദ് തന്റെ പുതിയ സിനിമയെക്കുറിച്ച് വ്യക്തമാക്കിയത്. ശ്യാമപ്രസാദിനോടൊപ്പം അഭിമുഖത്തില്‍ സംവിധായകന്‍ രഞ്ജിത്തും പങ്കെടുത്തിരുന്നു. മമ്മൂട്ടിയായിരിക്കും നായകനെന്ന് ശ്യാമപ്രസാദ് പറയുമ്പോള്‍ അദ്ദേഹം തന്നെയാണ് നായകനെന്നും ഇത്തരമൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞാല്‍ ഒരിക്കലും അദ്ദേഹം നിരസിക്കില്ലെന്നുമായിരുന്നു രഞ്ജിത്ത് സാക്ഷ്യപ്പെടുത്തിയത്.  
 
സിനിമയുടെ പ്രമേയം ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ നവാഗതരെന്നോ പരിചയസമ്പന്നരെന്നോ നോക്കാതെയാണ് അദ്ദേഹം സിനിമ സ്വീകരിക്കാറുള്ളത്. അതിനാൽ തന്നെ മമ്മൂട്ടി സിനിമ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ഒക്‍ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. ശ്യാമപ്രസാദും മമ്മൂട്ടിയും ഈ പ്രൊജക്ടിന്‍റെ ചര്‍ച്ചകള്‍ തുടരുകയാണ്.
 
ക്രിസ്ത്യന്‍ കുടുംബപശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന കഥ മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണതകളിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ, ശ്യാമപ്രസാദിന്‍റെ അഭിരുചിക്കനുസരിച്ചുള്ള ഏറെ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ നോവലാണ് ആളോഹരി ആനന്ദം. 
 
ശ്യാമപ്രസാദിന്‍റെ മകന്‍ വിഷ്ണു ആണ് ‘ആളോഹരി ആനന്ദം’ നിര്‍മ്മിക്കുന്നത്. മമ്മൂട്ടി - ശ്യാമപ്രസാദ് ടീമിന്‍റെ ‘ഒരേ കടല്‍’ ഇന്നും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ചിത്രമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍