15 സീനും മമ്മൂക്കയുടെ ഡേറ്റും, രാജമാണിക്യം ഷൂട്ട് തുടങ്ങുമ്പോൾ കയ്യിലുണ്ടായിരുന്നത് ഇത് മാത്രം: അൻവർ റഷീദ്

കെ കെ

ശനി, 15 ഫെബ്രുവരി 2020 (10:08 IST)
സിനിമ പ്രേക്ഷകർ ഏകദേശം മൂന്ന് വർഷത്തോളമായി  കാത്തിരിക്കുന്ന സിനിമയാണ് 'ട്രാൻസ്. സിനിമയുടെ തിരക്കഥ, നിർമ്മാണം എന്നിവയെക്കുറിച്ച് സംവിധായകനായ അൻവർ റഷീദ് പറയുകയാണ്.മാതൃഭൂമി വാരാന്തപതിപ്പിന് നൽകിയ അഭിമുഖത്തിലാണ് അൻവർ റഷീദിന്റെ വാക്കുകൾ. പൂർണമായ തിരക്കഥ ഇല്ലാതെയാണ് ട്രാൻസ് ഷൂട്ട് തുടങ്ങിയത്. നേരത്തെ രാജമാണിക്യം എന്ന സിനിമയ്ക്കും ഇതേ അനുഭവം ഉണ്ടായിരുന്നു. 
 
അൻവർ റഷീദിന്റെ വാക്കുകൾ ഇങ്ങനെ
 
സംവിധാനം മാത്രമല്ല ട്രാൻസ് നിർമിച്ചതും ഞാൻ തന്നെയാണ്. മലയാളത്തിൽ ഒരു സിനിമ നിർമിക്കാൻ മൂന്ന് വർഷം എടുക്കുമെന്ന് പറഞ്ഞാൽ  ഒരു നിർമാതാവും ആ വഴിക്ക് വരില്ല. പൂർണമായ തിരക്കഥ തയ്യാറായ ശേഷമല്ല ട്രാൻസിന്റെ ചിത്രീകരണം തുടങ്ങിയത്. അത് തന്നെയാണ് കാലതാമസത്തിനും കാരണം. പകുതി വരെയുള്ള തിരക്കഥ എഴുതി കഴിഞ്ഞപ്പോൾ ചിത്രീകരണം ആരംഭിച്ചു. അതിനു ശേഷം നടക്കുന്ന കഥയുടെ ഒരു വൺലൈൻ മനസ്സിലുണ്ടായിരുന്നു. എന്നാൽ എഴുതിയിരുന്നില്ല.
 
ആദ്യപകുതിയുടെ ചിത്രീകരണത്തിന് ശേഷം ഫഹദ് തന്റെ മറ്റു സിനിമകളിലേക്ക് അഭിനയിക്കാൻ പോയി. ആ സമയം ട്രാൻസിന്റെ ബാക്കി ഭാഗങ്ങൾ എഴുതി പൂർത്തിയാക്കി. പണം മുടക്കുന്നത് ഞാൻ തന്നെ ആയതു കൊണ്ട് കൂടുതൽ ആരോടും ചോദിക്കേണ്ടിയിരുന്നില്ല. അത്തരമൊരു രീതി തെറ്റാണെന്നും മോശം പ്രവണത ആണെന്നും എനിക്കറിയാം. പക്ഷെ ആ സമയം അങ്ങനെ ഒരു സാഹസം എടുത്തു എന്ന് മാത്രമേ ഇപ്പോൾ പറയാനാകൂ. പണം മുടക്കുന്നത് വേറെ വല്ലോരും ആയിരുന്നെങ്കിൽ എന്നെ ഓടിച്ചേനെ. പകുതി പൂർണമായ തിരക്കഥ ഇല്ലായിരുന്നു എങ്കിലും ഏകദേശ രൂപം മനസ്സിലുണ്ടായിരുന്നു. അത് തന്നെയാണ് ചിത്രീകരണം തുടങ്ങാൻ ധൈര്യം തന്നത്. എന്റെ ആദ്യ സിനിമ രാജമാണിക്യം ചെയ്തതും അത്തരമൊരു ധൈര്യത്തിലാണ്.

രാജമാണിക്യത്തിന്റെ ചിത്രീകരണം തുടങ്ങുമ്പോൾ പതിനഞ്ചു സീനും മമ്മൂക്കയുടെ ഡേറ്റും ഒരു കച്ചവട സിനിമയുടെ ഫോർമുലയും മാത്രമായിരുന്നു കയ്യിൽ ഉണ്ടായിരുന്നത്. പല സീനുകളും ചിത്രീകരണത്തിന് തൊട്ട് മുൻപത്തെ ദിവസമാണ് എഴുതി ചിട്ടപ്പെടുത്തിയത്. ആ രീതിയിൽ ഇനി സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നു. പിന്നീടൊരുക്കിയ ഛോട്ടാ മുംബൈ,അണ്ണൻ തമ്പി, ഉസ്താദ് ഹോട്ടൽ എന്നിവയെല്ലാം തിരക്കഥ പൂർത്തിയാക്കിയ ശേഷമാണ് ചിത്രീകരണം തുടങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍